Chiking
Latest News

ചെന്നിത്തല ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി; പ്രതിഷേധമായപ്പോള്‍ യഥാര്‍ഥ ചിത്രം പോസ്റ്റ് ചെയ്ത് തടിയൂരി

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചില പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ശാരീരികമായ വെല്ലുവിളികള്‍ അതിജീവിച്ച് തുടര്‍ പഠനത്തിനായി പോരാട്ടം നടത്തുന്ന അസിം എന്ന പന്ത്രണ്ടുകാരനെ രാഹുല്‍ ഗാന്ധി കണ്ട ചിത്രം ചെന്നിത്തല ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയും സമാനമായൊരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ചെന്നിത്തലയിട്ട പോസ്റ്റിലെ ചിത്രത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ ചിത്രം വെട്ടിമാറ്റിയതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയും രമേശ് ചെന്നിത്തലയും അസീമും ഉള്ള ചിത്രമാണ് പ്രതിപക്ഷനേതാവ് പങ്കുവച്ചത്. ഇതേ ചിത്രം ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഉമ്മന്‍ ചാണ്ടിയെ വെട്ടിമാറ്റിയാണ് രമേശ് ചെന്നിത്തല ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന കാര്യം അണികള്‍ തിരിച്ചറിഞ്ഞത്. ഇതോടെ ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു ചുവടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

‘ഫോട്ടോയില്‍ നിന്ന് ഒരു പക്ഷെ ഇദ്ദേഹത്തെ ക്രോപ് ചെയ്തു വെട്ടിക്കളയാന്‍ സാധിക്കും. പക്ഷേ ജനമനസ്സുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം..’ തുടങ്ങിയ കമന്റുകളാണ് പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. പ്രവര്‍ത്തകരുടെ രോഷം അതിരുകടന്നതോടെ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ഫോട്ടോ ചെന്നിത്തലയുടെ പേജില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

എട്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം തന്റെ തുടര്‍ പഠനത്തിന് സ്‌കൂള്‍ വേണമെന്ന ആവശ്യവുമായാണ് കോഴിക്കോട് വെളിമണ്ണ സ്വദേശിയായ അസീം കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്.

Top