Chiking
Latest News

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ എല്ലാ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കുന്നു. പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്നത്തെ കോടതി നടപടികള്‍ നിര്‍ണായകമാകും.

സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നല്‍കിയ 56 ഹര്‍ജികള്‍, വിധിയിലെ മൗലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹര്‍ജികള്‍, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്റെ ഒരു സാവകാശ ഹര്‍ജി എന്നിവയാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്. അതേസമയം കോടതിയലക്ഷ്യ ഹര്‍ജികളൊന്നും ഇന്ന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിട്ടില്ല.

വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചാല്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു തുടര്‍ വാദ തീയതി നിശ്ചയിക്കും. മറിച്ചാണെങ്കില്‍ ഹര്‍ജികള്‍ തള്ളും. വിഷയം കൂടുതല്‍ പരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടേക്കാം എന്നതാണ് മറ്റൊരു സാധ്യത. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. മുന്‍ അറ്റോര്‍ണി ജനറല്‍ കെ. പരാശരന്‍, മോഹന്‍ പരാശരന്‍, വി ഗിരി, ശ്യാം ദിവാന്‍, രാജീവ് ധവാന്‍ തുടങ്ങി ഒരു കൂട്ടം മുതിര്‍ന്ന അഭിഭാഷകര്‍ വാദ പ്രതിവാദങ്ങള്‍ക്ക് ഹാജരാകും.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചു. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ കായികമായി തന്നെ തടയാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതിനിടയില്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഹര്‍ജികളും പുതിയ റിട്ട് ഹര്‍ജികളുമെല്ലാം ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയിലായിരുന്നതിനാല്‍ പുനഃപരിശോധന ഹര്‍ജികളിലെയും റിട്ട് ഹര്‍ജികളിലെയും തീരുമാനം നീണ്ടുപോയി.

ശബരിമലയില്‍ ഇതിനകം യുവതികള്‍ പ്രവേശിച്ചിട്ടുണ്ട്. അതിനാല്‍ സുപ്രിം കോടതി വിധി നടപ്പായിക്കഴിഞ്ഞു എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചേക്കും. വിവാദമായ 51 പേരുടെ പട്ടിക തിരുത്തി 17 ആക്കിയെങ്കിലും സര്‍ക്കാര്‍ അത് സമര്‍പ്പിക്കുമോയെന്നു വ്യക്തമല്ല.സന്നിധാനത്തെ ശുദ്ധിക്രിയയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ കോടതിയലക്ഷ്യം ആവശ്യപ്പെട്ട് അഭിഭാഷകരായ ഗീതാ കുമാരി, വര്‍ഷ എന്നിവര്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കില്ല. തന്ത്രി നല്‍കിയ പുനഃ പരിശോധന ഹരജികളില്‍ കക്ഷി ചേരാനായി. ബിന്ദു, കനക ദുര്‍ഗ്ഗ, രേഷ്മ, ഷാനില എന്നിവര്‍ കഴിഞ്ഞ ദിവസം നല്‍കിയ അപേക്ഷയും കോടതിയുടെ മുന്നില്‍ വരാനിടയില്ല.

Top