Chiking
Latest News

യുവതീപ്രവേശന വിധിയില്‍ പിഴവുണ്ടെന്ന് എന്‍എസ്എസ്; വിധി ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുച്ഛേദത്തിന് വിരുദ്ധം; വിധിയുടെ പ്രത്യാഘാതം മറ്റ് മതങ്ങളിലുമുണ്ടാകുമെന്ന് വാദം

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കുന്നു. എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആദ്യ വാദം കേട്ടത്. യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്ന് എന്‍എസ്എസ് വാദമുയര്‍ത്തി. പ്രധാന വിഷയങ്ങള്‍ കോടതിക്ക് മുമ്പില്‍ എത്തിയില്ലെന്നാണ് എന്‍എസ്എസിന്റെ വാദം. എന്‍എസ്എസിന് വേണ്ടി അഡ്വ.കെ.പരാശരന്‍ ആണ് വാദിച്ചത്. തുറന്ന കോടതിയിലാണ് വാദം കേള്‍ക്കല്‍. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

എന്തുകൊണ്ട് പുനഃപരിശോധിക്കണം എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജികളില്‍ ഒതുങ്ങി നിന്ന് വാദം പറയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിധിയിലെന്താണ് പിഴവെന്ന് വാദിക്കൂ. വിധിയില്‍ പുനഃപരിശോധന നടത്തണോ വേണ്ടയോ എന്നതാണ് വിഷയമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്ന് എന്‍എസ്എസ് അഭിഭാഷകന്‍ അറിയിച്ചു. 1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് പരാശരന്റെ വാദം. കോടതിക്ക് തെറ്റുപറ്റി. മതവിശ്വാസത്തിനും അനുഷ്ഠാനത്തിനുമുള്ള ഭരണഘടനാ അവകാശത്തിനെതിരാണ് കോടതി വിധി. മതസ്ഥാപനങ്ങളെ പൊതുസ്ഥലങ്ങളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ല. വിധി ഭരണഘടനയുടെ 25–ാം അനുച്ഛേദത്തിന് വിരുദ്ധമാണ്. പതിനഞ്ചാം അനുച്ഛേദപ്രകാരം ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണ്. ലിംഗവിവേചനം പാടില്ലെന്ന അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നു അഭിഭാഷകന്‍ കെ.പരാശരന്‍ വിശദീകരിച്ചു. പൊതുസ്ഥലങ്ങളിൽ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാൽ ക്ഷേത്രങ്ങൾ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരൻ വ്യക്തമാക്കുന്നു.

15(2) അനുച്ഛേദ പ്രകാരമാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ പറഞ്ഞു. പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിൻടൺ നരിമാൻ വ്യക്തമാക്കി.

യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എൻഎസ്എസ് വാദിക്കുന്നു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയിൽ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരൻ പറയുന്നു.

ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ എൻഎസ്എസ് അഭിഭാഷകനായ കെ പരാശരൻ എഴുന്നേൽക്കുകയായിരുന്നു. വിധിയിൽ പിഴവുണ്ടെന്നാണ് അഡ്വ. കെ പരാശരൻ വാദിച്ചത്. പ്രധാനവിഷയങ്ങൾ പരിഗണിക്കാതെയാണ് വിധിയെന്നാണ് അഡ്വ. പരാശരന്‍റെ വാദം. എന്തിനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. പുനഃപരിശോധനാ ഹർജികൾക്കും റിട്ട് ഹർജികൾക്കും ഏതാണ്ട് സമാനസ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകൾ, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് – ഈ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

എന്നാൽ പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിൻടൺ നരിമാൻ വ്യക്തമാക്കുന്നു.

ഒടുവിൽ വാദം പെട്ടെന്ന് പൂർത്തിയാക്കാൻ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകൾ ചൂണ്ടിക്കാട്ടി കെ പരാശരൻ വാദം പൂർത്തിയാക്കി.

ശബരിമല കേസില്‍ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം. പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട 65 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പുനപരിശോധനാഹര്‍ജികളിലാണ് ആദ്യം വാദം കേള്‍ക്കുന്നത്.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Top