Chiking
Latest News

ഞാന്‍ ഒച്ചവെച്ചു; കയറിപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരെണ്ണം പൊട്ടിച്ചു: രജിഷ വിജയന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ഒരു പരിധിയുമില്ലാതെ മാറി കൊണ്ടിരിക്കുകയാണ്. സിനിമാമേഖലയിലെ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മീ ടൂ പോലെയുള്ള ക്യാംപെയിനുകള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ഒത്തിരി നടിമാരാണ് തങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. അക്രമം കണ്ടാല്‍ മിണ്ടാതെ നില്‍ക്കുകയല്ല പ്രതികരിക്കുകയാണ് വേണ്ടതെന്ന് തുറന്ന് പറഞ്ഞ് നടി രജിഷ എത്തിയിരിക്കുകയാണ്.

അരങ്ങേറ്റം നടത്തിയ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സുന്ദരിയാണ് രജിഷ വിജയന്‍. ഇപ്പോള്‍ സിനിമകളുടെ തിരക്കിലാണെങ്കിലും താന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ബസില്‍ വെച്ചുണ്ടായ മോശം അനുഭവത്തെ പറ്റി നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

രജിഷ വിജയന്റെ വാക്കുകള്‍:

നാട്ടില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ഉണ്ടായ സംഭവമാണ്. വൈകുന്നേരം സ്‌കൂള്‍ വിട്ട് ബസില്‍ വീട്ടിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. സാധാരണ സ്‌കൂള്‍ വിടുന്ന സമയം ഊഹിക്കാമല്ലോ, എന്തായിരിക്കും ബസുകളിലെ തിരക്കെന്ന്. ഞാന്‍ കയറിയ ബസില്‍ ഒരു കൊച്ചു പെണ്‍കുട്ടി സ്ത്രീകള്‍ കയറുന്ന വാതിലിനടുത്തുള്ള കമ്പിയുടെ മേല്‍ പിടിച്ച് നില്‍ക്കുന്നുണ്ട്. മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമേ ആ കുട്ടിക്കുള്ളു. അടുത്ത് സ്ത്രീകളുടെ സീറ്റില്‍ രണ്ട് ആന്റിമാര്‍ ഇരിക്കുന്നു. ഞാന്‍ ഇപ്പുറത്ത് പിടിച്ച് നില്‍ക്കുന്നു. നല്ല തിരക്കാണ്. ആണുങ്ങളെല്ലാം പിറകില്‍. ബസിലെ കിളി പടിയുമേല്‍ നില്‍ക്കുന്നുണ്ട്.

കുറച്ച് നേരം കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ ആ പെണ്‍കുട്ടി പേടിച്ചരണ്ട് നില്‍ക്കുകയാണ്. എന്ത് പറ്റിയെന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് പടിയില്‍ നില്‍ക്കുന്ന കിളി കമ്പിക്കിടയിലൂടെ പെണ്‍കുട്ടിയുടെ കാലില്‍ തൊട്ട് കൊണ്ടിരിക്കുന്നു. പ്രതികരിക്കാനാകാതെ പകച്ച് നില്‍ക്കുകയാണ് ആ പെണ്‍കുട്ടി. ഞാന്‍ നോക്കുമ്പോള്‍ അവിടെ ഇരിക്കുന്ന ആന്റിമാരും പ്രതികരിക്കുന്നില്ല. അടുത്ത് നില്‍ക്കുന്നവരൊക്കെ ഇത് കാണുന്നുണ്ടെങ്കിലും ആരും മിണ്ടുന്നില്ല. അവസാനം ഞാന്‍ പ്രതികരിച്ചു. ഒച്ച വെച്ചു. ഉടനെ അയാള്‍ കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്‌തോ എന്ന ഭാവത്തില്‍ കണ്ണുരുട്ടാന്‍ തുടങ്ങി.

പ്രതികരിച്ച എന്റെ നേരെയും അയാള്‍ തിരിഞ്ഞു. കയറി പിടിക്കാനൊക്കെ ശ്രമിച്ചപ്പോള്‍ ഒന്ന് പൊട്ടിച്ചു. ഞാനയാളെ അടിച്ചു. തെറ്റ് കാണുമ്പോള്‍ പ്രതികരിക്കണമെന്ന് തന്നെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. പിന്നെ ആളുകള്‍ കൂടി ബസ് നിര്‍ത്തി കിളിയെ ഇറക്കിവിട്ടു. വീണ്ടും മുന്നോട്ട് പോയി. കുറച്ച് സ്‌റ്റോപ്പുകള്‍ കൂടി പിന്നിട്ടപ്പോള്‍ പെണ്‍കുട്ടിയ്ക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. അവിടെ കാത്ത് നിന്ന് കുട്ടിയുടെ അമ്മയോട് മോളെ ഇങ്ങനെ ഒറ്റയ്ക്ക് വിടരുതെന്ന് ഞാന്‍ പറഞ്ഞു. ഒരു പക്ഷെ അത്രയും ആളുകള്‍ കൂടെയുണ്ടെന്ന തോന്നലാകാം പെട്ടെന്ന് പ്രതികരിക്കാനെന്നെ പ്രേരിപ്പിച്ചത്. നമ്മള്‍ നമ്മളെ തന്നെ ആ സ്ഥാനത്ത് കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ തോന്നില്ല.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് 2016 ല്‍ റിലീസിനെത്തിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലൂടെയാണ് രജിഷ വിജയന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് രണ്ട് സിനിമകളില്‍ നായികയായി പ്രത്യക്ഷപ്പെട്ടെങ്കിലും ആ രണ്ട് ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാലിപ്പോള്‍ ജൂണ്‍ എന്ന ചിത്രത്തിലൂടെ ശക്തമായൊരു കഥാപാത്രവുമായി രജിഷ എത്തുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും പോസ്റ്ററുകളുമെല്ലാം പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം അഹമ്മദ് കബീറാണ് സംവിധാനം ചെയ്യുന്നത്.

അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, അശ്വതി മേനോന്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങള്‍. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് ജൂണില്‍ രജിഷ അഭിനയിക്കുന്നത്. അതിന് വേണ്ടി നടത്തിയ മേക്കോവര്‍ ആരാധകരെയും ഞെട്ടിച്ചിരുന്നു. രജിഷയുടെ സൗന്ദര്യത്തിന്റെ പ്രത്യേകതകളിലൊന്നായ നീളമുള്ള മുടി മുറിക്കുകയും ശരീരഭാരം കുറയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. ഫെബ്രുവരി 15 ജൂണ്‍ തിയേറ്ററുകളിലേക്ക് റിലീസിനെത്തുകയാണ്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top