Chiking
Latest News

ചേട്ടച്ഛന്‍ തല്ലുന്നത് കണ്ട് അമ്മ ഭയങ്കര കരച്ചില്‍; മുഖത്ത് പാടുകൂടി വന്നതോടെ നിര്‍ത്താതെ കരഞ്ഞു: പവിത്രത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവെച്ച് വിന്ദുജ

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് പവിത്രം. ഇതിലെ പാട്ടുകളും സീനുകളും ഡയലോഗുകളും മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറന്നിട്ടുണ്ടാകില്ല. ചിത്രം പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം ആയിരിക്കുകയാണ്. ചേട്ടച്ഛനായി മോഹന്‍ലാല്‍ ഗംഭീര പ്രകടനം നടത്തിയ സിനിമയില്‍ കുഞ്ഞനുജത്തി മീനാക്ഷിയായി എത്തിയത് വിന്ദുജാ മേനോനാണ്. അന്നത്തെ അഭിനയത്തെക്കുറിച്ച് വിന്ദുജയ്ക്ക് പറയാനുള്ളത് ഇതാണ്:

പവിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് പ്രായം 14-15 വയസ് മാത്രമേയുണ്ടായിരുന്നുള്ളൂ. അന്ന് ഇത് ഇത്ര വൈകാരികമായ സിനിമയാണെന്ന് ഒന്നും മനസിലായില്ല. പ്രായം ചെല്ലുന്തോറുമാണ് സിനിമയുടെ ആ ഒരു ആഴം മനസിലാകുന്നത്. എന്റെ വിവാഹ ശേഷമാണ് ചേട്ടച്ഛന്‍ മീരയെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് വിളിക്കുന്ന രംഗത്തിന് ഇത്രയേറെ വൈകാരികതയുണ്ടെന്ന് തിരിച്ചറിയുന്നത്. ഭര്‍ത്താവിന്റെ സ്‌നേഹം എന്താണെന്ന് അനുഭവിച്ച് കഴിഞ്ഞ് പവിത്രം കാണുമ്പോഴുള്ള അനുഭവവും അതിനുമുമ്പുള്ളതും തമ്മില്‍ വ്യത്യാസമുണ്ട്. എന്ന് പവിത്രം ടിവിയില്‍ കാണിച്ചാലും അന്നെനിക്ക് അമ്പത് മെസേജുകളെങ്കിലും വരും. ഇപ്പോഴും ആ സിനിമ ജനങ്ങളുടെ മനസിലുള്ളത് കൊണ്ടാണത്.

പവിത്രത്തിന് ശേഷവും ഞാന്‍ അദ്ദേഹത്തെ ചേട്ടച്ഛന്‍ എന്നു തന്നെയാണ് വിളിക്കുന്നത്. അത്രയധികമായിരുന്നു സിനിമയില്‍ ഞങ്ങളുടെ ബന്ധം. അതില്‍ എന്നെ ഷാപ്പില്‍ നിന്നും വലിച്ചിറക്കി ഇഷ്ടംപോലെ തല്ല് തരുന്ന രംഗമുണ്ട്. അത് ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്. എന്നെ നിലത്തിട്ടൊക്കെ തല്ലുന്നുണ്ട് ആ രംഗത്തില്‍. അടിയുടെ പാട് കവിളില്‍ വരാനായി അദ്ദേഹം തന്നെ കൈയില്‍ ചായം തേച്ചിട്ട് കവിളത്ത് പറ്റിച്ചിരുന്നു. കട്ട് പറഞ്ഞശേഷം നോക്കുമ്പോള്‍ എന്റെ അമ്മ ക്യാമറയുടെ പുറകില്‍ നിന്ന് ഭയങ്കര കരച്ചില്‍. മുഖത്തെ പാടും കൂടി കണ്ടതോടെ അമ്മ കരച്ചില്‍ നിര്‍ത്താതെയായി. ഇതുകണ്ട് ചേട്ടച്ഛന്‍ അമ്മയോട് പോയി പറഞ്ഞു. ഞാന്‍ മോളെ തൊട്ടിട്ട് കൂടിയില്ല, അവളോട് ചോദിക്കൂവെന്ന്.

അതുപോലെ തന്നെയുള്ള ഒരു രംഗമാണ് ഞാന്‍ ചേട്ടച്ഛനോട് ദേഷ്യം പിടിക്കുന്നത്. ഈ സീന്‍ എടുക്കുന്നതിന് മുമ്പ് അദ്ദേഹം എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ചു. ആക്ഷന്‍ പറഞ്ഞതും പെട്ടെന്ന് ചേട്ടച്ഛനായിട്ട് മാറി. സ്വിച്ചിട്ട പോലെയാണ് ഭാവം മാറിയത്. സിനിമയുടെ ക്ലൈമാക്‌സൊക്കെ കാണുമ്പോള്‍ മനസിലാകും അഭിനയിക്കാന്‍ വേണ്ടി മാത്രം ജനിച്ചതാണ് അദ്ദേഹമെന്ന്. ദൈവദത്തമായ വിസ്മയമാണ് മോഹന്‍ലാല്‍.

സിനിമ കഴിഞ്ഞ ശേഷവും ചേട്ടച്ഛന്‍ ഒരിക്കല്‍ ഫോണില്‍ വിളിച്ചു. മിമിക്രിക്കാരൊക്കെ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദം അനുകരിച്ച് ആളുകളെ പറ്റിക്കുന്ന സമയമാണത്. അദ്ദേഹത്തിന്റെ ശബ്ദം കേട്ട് ഞാന്‍ കരുതി പറ്റിക്കാന്‍ ആരെങ്കിലും വിളിച്ചതാകുമെന്ന്. രണ്ടുമൂന്ന് വട്ടം അങ്ങനെയല്ല എന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചു. ഡബിങ്ങിന് ശേഷം വിളിക്കുകയാണ്, എനിക്ക് തൃപ്തി നല്‍കിയ സിനിമയാണ്, ഒരുപാട് സന്തോഷമുണ്ട് മോളേ എന്ന് പറഞ്ഞു.

Top