Chiking
Latest News

വടക്കേ അമേരിക്കയില്‍ കടുത്ത തണുപ്പ്; ഐസുകട്ടയായി ഫ്‌ളഫി പൂച്ച; ഹെയര്‍ ഡ്രൈയറും ചൂടുവെളളവുമുപയോഗിച്ച് പരിചരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

മോണ്ടാന: കടുത്ത തണുപ്പില്‍ വിറങ്ങലിച്ച് മഞ്ഞുകട്ടയായ പൂച്ചക്കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. വടക്കേ അമേരിക്കയില്‍ പോളാര്‍ വോര്‍ട്ടെക്‌സിന്റെ ഫലമായുണ്ടായ കൊടുംതണുപ്പില്‍ ശരീരമാസകലം തണുത്തുറഞ്ഞുപോയ ഫ്‌ളഫി  യെന്ന മൂന്നുവയസ്സുകാരി പൂച്ചയെ മൃഗഡോക്ടര്‍മാര്‍ ഒടുവില്‍ രക്ഷിച്ചെടുത്തു. യുഎസിലെ മോണ്ടാന സംസ്ഥാനത്തെ കാലിസ്‌പെല്ലിലാണ് സംഭവം.

സ്വതവേ കുറുമ്പിയായ ഫ്‌ളഫി പൂച്ച പലപ്പോഴും വീടിനു പുറത്ത് കറങ്ങിനടക്കുകയാണു പതിവ്. എന്നാല്‍ രക്തംപോലും മരവിച്ചുപോകുന്ന, ദേഹമാസകലം മൂടിപ്പുതച്ചുമാത്രം മനുഷ്യര്‍ പുറത്തിറങ്ങുന്ന കൊടുംതണുപ്പിന്റെ പ്രശ്‌നങ്ങളറിയാതെ  ഫ്‌ളഫി ചുറ്റിയടിച്ചതാണ് പണിപറ്റിച്ചത്.

വീട്ടുകാര്‍ നോക്കുമ്പോള്‍ മഞ്ഞിനടിയില്‍ ഫ്‌ളഫി എന്തോ തിരഞ്ഞു കിടക്കുകയാണെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ തണുത്തു മരവിച്ച് ദേഹമാസകലം മഞ്ഞുകട്ടകള്‍ വീണു കിടക്കുകയായിരുന്നുവെന്നു പിന്നീടാണു മനസ്സിലായത്. ഉടന്‍തന്നെ ഫ്‌ളഫിയെ മൃഗാശുപത്രിയിലേക്ക് എത്തിച്ചു.

ചൂടുവെള്ളവും ഹെയര്‍ ഡ്രൈയറും പക്ഷിക്കൂടുകളിലും മറ്റും ചൂട് നല്‍കാനുപയോഗിക്കുന്ന കേജ് വാമറും ഐവി ഫ്‌ലൂയിഡും ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ഫ്‌ലഫിയെ പരിചരിച്ചു. പൂച്ചകളുടെ ശരീരതാപനില 100-102 ഡിഗ്രി ഫാരന്‍ഹീറ്റാണ്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഫ്‌ളഫിക്കുണ്ടായിരുന്നത് 90 ഡിഗ്രിയും. ഐവി കൊടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ നന്നേ കഷ്ടപ്പെട്ടു.

ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയ ഫ്‌ളഫി ഇപ്പോള്‍ സന്തോഷവതിയാണ്. വീട്ടിനുള്ളിലെ ഹീറ്ററിന്റെ ചൂടില്‍ സുഖമായി നടക്കുന്നു. കുറച്ചുകാലത്തേക്ക് ഫ്‌ളഫി ഇനി പുറത്തേക്കുപോകില്ലെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ. പൊതുവെ പുറത്തിറങ്ങാന്‍ പറ്റാത്ത വിധം കനത്ത മഞ്ഞു വീഴ്ച്ചയാണ് ഇപ്പോള്‍ വടക്കേ അമേരിക്കയില്‍.

Top