Chiking
Latest News

ന്യൂസിലാന്‍ഡിനെതിരായ അവസാന ടി20യില്‍ ഇന്ത്യക്ക് 213 റണ്‍സ് വിജയലക്ഷ്യം

Web Desk
Indian Telegram Android App Indian Telegram IOS App

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ടി20യില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്റിന് കൂറ്റന്‍സ്‌കോര്‍. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ന്യൂസിലാന്റ് 213 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്. 72 റണ്‍സ് നേടിയ കോളിന്‍ മണ്‍റോയാണ് കിവീസ് നിരയില്‍ തിളങ്ങിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരം ജയിക്കുന്നവര്‍ക്കായിരിക്കും ടി20 പരമ്പര.

കോളിന്‍ മണ്‍റോ (72), ടിം സീഫെര്‍ട്ട് (43), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (30) എന്നിവരാണ് കിവീസ് നിരയില്‍ തിളങ്ങിയത്.ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുക്കുകയും ചെയ്തു. ആദ്യ വിക്കറ്റില്‍ സീഫെര്‍ട്ട് മണ്‍റോ സഖ്യം 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സീഫെര്‍ട്ടിനെ പുറത്താക്കി കുല്‍ദീപ് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു സീഫെര്‍ട്ടിന്റെ ഇന്നിങ്‌സ്.

എന്നാല്‍ പിന്നീടെത്തിയ കെയ്ന്‍ വില്യംസണ്‍ (27) പിടിച്ചുനിന്നു. മണ്‍റോയ്‌ക്കൊപ്പം 55 റണ്‍സാണ് വില്യംസണ്‍ കൂട്ടിച്ചേര്‍ത്തത്. മണ്‍റോയേയും കുല്‍ദീപ് മടക്കിയതോടെ കിവീസ് രണ്ടിന് 135 എന്ന നിലയിലായി.15 റണ്‍സിനിടെ വില്യംസണും കൂടാരം കയറി. ഖലീല്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. 16 പന്തില്‍ 30 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെ ഭുവനേശ്വര്‍ കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു. ഡാരില്‍ മിച്ചല്‍ (11 പന്തില്‍ 16), റോസ് ടെയ്‌ലര്‍ (ഏഴ് പന്തില്‍ 14) പുറത്താവാതെ നിന്നു.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുവരും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്.നിര്‍ണായക മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. യൂസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവ് ടീമില്‍ ഇടം നേടി. കിവീസ് ടീമിലും ഒരു മാറ്റമുണ്ട്. ബ്ലെയര്‍ ടിക്‌നര്‍ ഇന്ന് ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ അരങ്ങേറും. ലോക്കി ഫെര്‍ഗൂസണ്‍ വിശ്രമം അനുവദിച്ചു.

Top