Chiking
Latest News

പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളുമായി ബിജെപി എംപി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക ചുവയുള്ള അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി ഹരീഷ് ദ്വിവേദി. ‘രാഹുല്‍ പരാജയപ്പെട്ടു. പ്രിയങ്കയും അതുപോലെ പരാജയപ്പെടും. ഡല്‍ഹിയില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോള്‍ സാരിയും സിന്ദൂരവും അണിയും’ എന്നതായിരുന്നു ദ്വിവേദിയുടെ പരാമര്‍ശം. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം ബികെസി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായാണു പ്രിയങ്ക നിയമിതയായത്.

രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ത്തന്നെ പ്രിയങ്കയുടെ സ്‌റ്റൈലിനെയും രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലായ്മയെയും കുടുംബാധിപത്യത്തെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയെയും ഉള്‍പ്പെടുത്തിയുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ പല ഭാഗങ്ങളില്‍നിന്നായി ഉയര്‍ന്നിരുന്നു. വ്യക്തിജീവിതം വച്ചാണ് പലപ്പോഴും അധിക്ഷേപിച്ചിരുന്നത്.

പ്രിയങ്ക സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തില്‍ നേട്ടവും കഴിവും ഇല്ലെന്നുമായിരുന്നു ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ഝായുടെ നിലപാട്. പ്രിയങ്കയ്ക്ക് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടുള്ള സാദൃശ്യമാണ് ബിഹാര്‍ ഉപമുഖ്യമന്ത്രിയായ സുഷീല്‍ കുമാര്‍ മോദിക്കു പ്രശ്‌നം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തരായ നേതാക്കളില്ലാത്തതിനാല്‍ കോണ്‍ഗ്രസ് ചോക്‌ലേറ്റ് നേതാക്കളെയാണ് ഇറക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയുടെ പ്രതികരണം. ‘ഒരു കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു, ഭോപ്പാലില്‍നിന്ന് കരീന കപൂറിനെ മല്‍സരിപ്പിക്കണമെന്ന്. വേറൊരാള്‍ ഇന്‍ഡോറില്‍നിന്ന് സല്‍മാന്‍ ഖാനെ മല്‍സരിപ്പിക്കണമെന്നു പറയുന്നു. അതുപോലെ പ്രിയങ്കയെയും സജീവ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു’ – വിജയ്‌വര്‍ഗിയ കൂട്ടിച്ചേര്‍ത്തു.

നേരത്തെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയെ താരപ്രചാരകയാക്കി കോണ്‍ഗ്രസ് കൊണ്ടുവന്നപ്പോള്‍ ബിജെപി എംപി വിനയ് കട്യാറും അധിക്ഷേപകരമായ പരാമര്‍ശം പ്രിയങ്കയ്‌ക്കെതിരെ ഉന്നയിച്ചിരുന്നു. ‘താരപ്രചാരകരാക്കാന്‍ പ്രിയങ്കയെക്കാള്‍ സുന്ദരികളായ പെണ്‍കുട്ടികളുണ്ട്. സുന്ദരികളായ നായികമാരുണ്ട് കലാകാരികളുണ്ട്’ കട്യാര്‍ അന്നു പറഞ്ഞു.

Top