Chiking
Latest News

രേണുരാജ് പ്രവര്‍ത്തിച്ചത് നിയമപരമായി;ദേവികുളം സബ് കളക്ടറെ പിന്തുണച്ച് റവന്യു മന്ത്രി

Web Desk
Indian Telegram Android App Indian Telegram IOS App

ഇടുക്കി:ദേവികുളം സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്. മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചത് നിയമപരമായിമാത്രമാണ്. ഉദ്യോഗസ്ഥയ്‌ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവര്‍ തന്നെ അന്വേഷിക്കണം. കോടതിവിധിയനുസരിച്ചുള്ള നടപടികള്‍ തുടരുമെന്നും ഇ.ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

സബ് കലക്ടറെ എസ്.രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ചതിലാണ് മന്ത്രിയുടെ പ്രതികരണം.എംഎല്‍എ പിന്തുണയ്ക്കുന്നത് അനധികൃത നിര്‍മാണത്തെയെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു. പരിസ്ഥിതിലോലമേഖലയിലാണ് പഞ്ചായത്ത് നിര്‍മാണം നടത്തുന്നത്. തെറ്റുതിരുത്തേണ്ട എംഎല്‍എ തെറ്റിന് കൂട്ടുനില്‍ക്കരുതെന്നും ശിവരാമന്‍ തുറന്നടിച്ചു.ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും.

സിപിഐ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് ജില്ലാനേതൃത്വത്തിന്റെ ഇടപെടല്‍. അതേസമയം എംഎല്‍എയുടെ എതിര്‍പ്പവഗണിച്ച് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സബ് കലക്ടര്‍ രേണു രാജ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് റിപ്പോര്‍ട്ട് നല്‍കിയതോടെ അധികൃതനിര്‍മാണം പഞ്ചായത്തുതന്നെ നിര്‍ത്തിവച്ചു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചത്. എംഎല്‍എയുടെ നടപടി സിപിഎമ്മിന്റെ രാഷ്ട്രീയഎതിരാളികള്‍ക്ക് ശക്തമായ ആയുധമായി. ഘടകക്ഷിയായ സിപിഐയും ഇടഞ്ഞതോടെ എംഎല്‍എയോട് വിശദീകരണം തേടാന്‍ സിപിഎം ജില്ലാനേതൃത്വം തീരുമാനിച്ചു.

പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പുഴയോരം കയ്യേറി വനിതാവ്യവസായകേന്ദ്രം നിര്‍മിക്കുന്നത്. സബ് കലക്ടറുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും കാറ്റില്‍പ്പറത്തി. ഇതിനെതിരെ നിയമനടപടി തുടരുമെന്ന് സബ് കലക്ടര്‍ അറിയിച്ചു.റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും ആലോചനയുണ്ട്.

Top