റഫാലില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്
Web Desk
ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. അഴിമതിവിരുദ്ധ വ്യവസ്ഥ ഒഴിവാക്കിയ വിവരവും സുപ്രീംകോടതിയെ അറിയിച്ചില്ല.
റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നത്. കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല.
റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മുഴുവന്‍ വസ്തുതയും ഉള്‍പ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു.