Chiking
Latest News

സര്‍വം പ്രിയങ്ക മയം: ലക്‌നൗ നഗരം പ്രിയങ്കയുടെ പോസ്റ്ററുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞു

Web Desk
Indian Telegram Android App Indian Telegram IOS App

ലക്‌നൗ: ‘2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വലിയ പ്രതീക്ഷ’ എന്നാണ് പ്രിയങ്കയെ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. പ്രിയങ്കയും രാഹുലും പങ്കെടുക്കുന്ന കോണ്‍ഗ്രസ് റാലിക്ക് മുന്നോടിയായി വമ്പിച്ച ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് ലക്‌നൗ നഗരത്തില്‍ നടത്തിയിരിക്കുന്നത്. നഗരം മുഴുവന്‍ പ്രിയങ്കയുടെ പോസ്റ്ററുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനം പുഷ്പാലംകൃതമായി പ്രിയങ്ക ചിത്രങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ്.

രണ്ടാഴ്ച മുമ്പ് കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് ശേഷം ഇതാദ്യമായാണ് പ്രിയങ്കാ ഗാന്ധി ലക്‌നൗവില്‍ എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുപ്പത് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയോടൊപ്പം പങ്കെടുക്കും.

പ്രിയങ്കയുടെ ചിത്രം പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ ധരിച്ച പ്രവര്‍ത്തകര്‍ റാലിക്കായി എത്തിത്തുടങ്ങി. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് സമീപം പ്രിയങ്കയെ ദുര്‍ഗ്ഗാദേവിയായി ചിത്രീകരിക്കുന്ന ബാനറും ഉയര്‍ന്നിട്ടുണ്ട്. ദുര്‍ഗ്ഗാദേവിയുടെ അവതാരമായാണ് ബാനറില്‍ പ്രിയങ്കയെ വിശേഷിപ്പിക്കുന്നത്. പ്രിയങ്കയുടേയും രാഹുലിന്റേയും പടുകൂറ്റന്‍ ചിത്രങ്ങളുള്ള ഹോഡിംഗുകളും നഗരത്തില്‍ പലയിടത്തും പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടേയും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും കാരിക്കേച്ചറുകളും മോദിയേയും ബിജെപി നേതാക്കളേയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും നഗരത്തില്‍ നിറഞ്ഞിരിക്കുന്നു.

കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ തിരിച്ചുവരവിനുള്ള വഴിയായാണ് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശത്തെ കാണുന്നത്. അതുകൊണ്ടുതന്നെ പ്രിയങ്കയുടെ വരവിന്റെ പൊലിമ പരമാവധി കൂട്ടാനുള്ള എല്ലാ വഴികളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തേടുകയാണ്. അതുകൊണ്ടുതന്നെ നാല്‍പ്പതിലേറെ ലോക്‌സഭാ സീറ്റുകളുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്കയ്ക്ക് നല്‍കുന്നത് ചെറിയ ഉത്തരവാദിത്തവുമല്ല. ഇന്നത്തെ റാലിക്ക് ശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് പ്രിയങ്ക ഉടന്‍ തിരിച്ചുപോകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത മൂന്ന് ദിവസം കിഴക്കന്‍ യുപിയില്‍ ഉടനീളം സഞ്ചരിച്ച് വിവിധ യോഗങ്ങളില്‍ പങ്കെടുക്കാനും സംഘടനാസംവിധാനം ശക്തമാക്കാനുമാണ് പ്രിയങ്ക തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

പ്രിയങ്കയ്ക്ക് പാര്‍ട്ടി ചുമതല നല്‍കിയിരിക്കുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിനും നെഹ്രു കുടുംബത്തിനും ഏറെ വൈകാരിക ബന്ധമുള്ള പ്രദേശമാണ്. ജവഹര്‍ലാല്‍ നെഹ്രുവിനെ തുടര്‍ച്ചയായി ലോക്‌സഭയിലെത്തിച്ചത് ഇവിടത്തെ ഫൂല്‍പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. നെഹ്രു കുടുംബത്തിന്റെ വേരുകള്‍ അലഹബാദിലാണ്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ലോക്‌സഭാ മണ്ഡലവും അലഹബാദ് ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോരക്പൂറിലും ഫൂല്‍പൂറിലും കോണ്‍ഗ്രസ് ദയനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഏറ്റവും സ്വാധീനമുള്ള പ്രദേശമാണ് കിഴക്കന്‍ ഉത്തര്‍ പ്രദേശ്.

Top