Chiking
Latest News

അനില്‍ ആന്റണിക്കെതിരെ പ്രമേയം; കെ.എസ്.യു ജില്ലാ കമ്മിറ്റിക്കെതിരേ സംസ്ഥാന നേതൃത്വം

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതിനെതിരെ പ്രമേയം പാസാക്കിയ കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിക്കെതിരേ സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്താണ് ജില്ലാ കമ്മിറ്റിയുടെ പ്രമേയത്തിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് രംഗത്തെത്തിയത്. അനില്‍ ആന്റണി യോഗ്യതയില്ലാത്ത ആളല്ല ഗുജറാത്തില്‍ സമാനപദവി വഹിച്ച് വിജയിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ കേരളത്തിലേക്ക് നിയോഗിച്ചത്.

പ്രമേയം സംബന്ധിച്ച് ജില്ലാ നേതൃത്വത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന സൂചനയും അഭിജിത്ത് നല്‍കി.എ.ഐ.സി.സിയാണ് അനില്‍ ആന്റണിയെ നിയമിച്ചത്. അല്ലാതെ അത് മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. നോതാക്കളുടെ മക്കള്‍ അനര്‍ഹമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ മറ്റോ ആണ് കടന്ന് വരുന്നതെങ്കില്‍ കെ.എസ്.യു അതിനെ അംഗീകരിക്കില്ല. മറിച്ച് ഡിജിറ്റല്‍ മീഡിയ കണ്‍വീനറായാണ് നിയമനം.

അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയം അംഗീകരിച്ച് എ.ഐ.സി.സി നിയമിച്ചതാണെന്നും അഭിജിത്ത് പറഞ്ഞു. അനാവശ്യമായി പ്രമേയം അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് നേതാക്കള്‍ക്ക് ബുദ്ധമുട്ടുണ്ടാക്കുന്നത് ശരിയല്ല. ഇത് ആന്റണിയുടെ മകനായത് കൊണ്ട് മാത്രമല്ലെന്നും അത്തരത്തിലുള്ള ചര്‍ച്ചയില്‍ കാര്യമില്ലെന്നും അഭിജിത്ത് പറഞ്ഞു.പ്രസ്ഥാനത്തിനുവേണ്ടി കല്ലുകൊണ്ടു പോലും കാല്‍മുറിയാത്ത ചില അഭിനവ പല്‍വാല്‍ ദേവന്‍മാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുഴങ്ങുന്നത് യഥാര്‍ഥ പ്രവര്‍ത്തകരുടെ ഉള്ളില്‍ നെഞ്ചടിപ്പാണ് ഉണ്ടാക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.എസ്.യു അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയത്.

പോസ്റ്റര്‍ ഒട്ടിച്ചും സമരം നടത്തിയും തല്ലു കൊണ്ടും കോടതി കയറിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തകരുടെ നെഞ്ചത്ത് നടത്തുന്ന സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇന്ന് അഭിജിത്ത് രംഗത്തെത്തിയത്.

കെ.എസ്.യു ഇത്തവണ മത്സരരംഗത്തേക്കില്ല. അതി നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ പരമാവധി ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് നേതൃത്വം ഒരുങ്ങുന്നതെന്നും തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അഭിജിത്ത് മറുപടി പറഞ്ഞു. പല മണ്ഡലങ്ങളിലും സമൂഹ മാധ്യമങ്ങള്‍ അടക്കം തന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യന്നുണ്ട്.

പക്ഷെ ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ചര്‍ച്ചയും കെ.എസ്.യുവുമായോ താനുമായോ നടന്നിട്ടില്ല. ഇത് പ്രായത്തിന്റെ തിരഞ്ഞെടുപ്പല്ല മറിച്ച് വിജയിക്കാനുള്ള തിരഞ്ഞെടുപ്പാണ്. എന്നാല്‍ മലബാറില്‍ ഇവിടെ തന്നെയുള്ള ഒരു സ്ഥാനാര്‍ഥി ഉണ്ടാവേണ്ടത് മലബാറുകാരുടെ കൂടി ആവശ്യമാണ്. സര്‍വ മേഖലയെയും നശിപ്പിച്ച മോദി സര്‍ക്കാരിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് വിജയം അനിവാര്യമാണെന്നും അഭിജിത്ത് പറഞ്ഞു.

Top