Chiking
Latest News

സ്വദേശി മേഖലയില്‍ നിന്ന് വിദേശി ബാച്‌ലര്‍മാരെ ഒഴിവാക്കുന്നു;വിദേശി കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Web Desk
Indian Telegram Android App Indian Telegram IOS App

കുവൈത്ത് സിറ്റി: വിദേശി കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വീട് വാടകയ്ക്ക് ലഭിക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. സ്വദേശി മേഖലയില്‍ നിന്ന് വിദേശി ബാച്‌ലര്‍മാരെ ഒഴിവാക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. അതാത് എംബസികളില്‍ നിന്നോ കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ സാക്ഷ്യപ്പെടുത്തിയതായിരിക്കണം വിവാഹ സര്‍ട്ടിഫിക്കറ്റ്.

ഭാര്യയുടെ സിവില്‍ ഐഡിയുടെ കോപ്പിയും അതോടൊപ്പം സമര്‍പ്പിക്കണം. വാടകയ്ക്ക് നല്‍കുന്ന കെട്ടിടത്തിന്റെ പാസി നമ്പര്‍ സഹിതം മേഖലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുകയും വേണം. സ്വദേശി താമസ മേഖലയിലെ വിലാസത്തിലുള്ള വിദേശി ബാച്‌ലര്‍മാരുടെ താമസാനുമതി രേഖ പുതുക്കി നല്‍കരുതെന്ന് മുനിസിപ്പല്‍ അധികൃതര്‍ നേരത്തെ താമസാനുമതികാര്യ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ച് സ്വദേശി താമസ മേഖലകളിലെ വിദേശി ബാച്‌ലര്‍മാരെ കണ്ടെത്തുന്നതിനും പുറത്താക്കുന്നതിനും മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം രംഗത്തുണ്ട്.

മാത്രമല്ല പൊതുസ്ഥലം കയ്യേറുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫര്‍വാനിയ ഗവര്‍ണറേറ്റിലെ മുനിസിപ്പല്‍ അധികൃതരുടെ മുന്നറിയിപ്പ്. ഖൈത്താന്‍ മേഖലയില്‍ ചില കടകള്‍ സമീപസ്ഥലം വളച്ചുകെട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അത്. ജലീബ് ഷുയൂഖിലും പൊതുസ്ഥലം കൈയേറിയത് അധികൃതര്‍ പൊളിച്ചുനീക്കി. ജഹ്‌റയില്‍ വഴിയോരക്കച്ചവടം നടത്തിയ 7 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പൊതുസ്ഥലം വളച്ചുകെട്ടിയ 5 പേര്‍ക്കും നോട്ടിസ് നല്‍കി.

വഴിയോരക്കച്ചവടക്കാരില്‍ നിന്ന് പഴവര്‍ഗങ്ങളും പടക്കങ്ങളും പിടികൂടി. അല്‍ ഷാമി, അല്‍ സുറ എന്നിവിടങ്ങളില്‍ നിയമവിധേയമല്ലാത്ത വിധം താമസിക്കുന്ന ബാച്‌ലര്‍മാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കുവൈത്ത് സിറ്റി ഗവര്‍ണറേറ്റില്‍ അനധികൃത പരസ്യത്തിന് രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

Top