Chiking
Latest News

ഐസിസി ടി20 റാങ്കിങ്: രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് കുല്‍ദീപ്

Web Desk
Indian Telegram Android App Indian Telegram IOS App

ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര നഷ്ടപ്പെട്ടെങ്കിലും ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ചരിത്രത്തിലാദ്യമായി കുല്‍ദീപ് യാദവ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ രോഹിത്തും ധവാനും നേട്ടമുണ്ടാക്കി. എന്നാല്‍ ടീം റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ട് പോയിന്റ് നഷ്ടമായി.

ന്യൂസിലാന്‍ഡിനെതിരായ അവസാന ടി20 മത്സരത്തിലെ പ്രകടനമാണ് കുല്‍ദീപ് യാദവിന് തുണയായത്. പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കുല്‍ദീപ് തളിച്ചത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത കോളിന്‍ മുന്റോയെയും സെയ്‌ഫെര്‍ട്ടിനെയും കുല്‍ദീപാണ് പുറത്താക്കിയത്. പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയും ബോളിങ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. 39 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 58ാം റാങ്കിലേയ്ക്കാണ് ക്രുണാല്‍ പാണ്ഡ്യ ഉയര്‍ന്നത്.

ബോളര്‍മാരില്‍ ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ്. യുസ്‌വേന്ദ്ര ചാഹല്‍ ആറ് സ്ഥാനങ്ങള്‍ പിന്നിലേയ്ക്ക് പോയി 17ാം റാങ്കിലേയ്ക്ക് വീണപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ 18ാം റാങ്ക് നിലനിര്‍ത്തി.

ബാറ്റ്‌സ്മാന്മാരില്‍ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേയ്ക്ക് എത്തി. ശിഖര്‍ ധവാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡ് പര്യടനം നഷ്ടമായ രാഹുല്‍ പത്താം സ്ഥാനത്തേയ്ക്ക് വീണു. ടെസ്റ്റ് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്!ലി ടി20 റാങ്കിങ്ങില്‍ 19ാം സ്ഥാനത്താണ്.

ടീം റാങ്കിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയത് നേപ്പാളാണ്. 17സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 14ാം സ്ഥാനത്തേയ്ക്കാണ് നേപ്പാള്‍ ഉയര്‍ന്നത്. പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തുമാണ്.

Top