Chiking
Latest News

പഠിച്ചിറങ്ങിയകാലത്തെ അതേ തീപ്പൊരിയാണ് താനിന്നുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് രേണു

Web Desk
Indian Telegram Android App Indian Telegram IOS App

ഇടുക്കി:ടിവി അനുപമ, ചൈത്ര തെരെസ ജോണ്‍ ഇവരെല്ലാം ഒരെ കാര്യത്തില്‍ ശ്രദ്ധ നേടിയവരാണ്.ഇപ്പോള്‍ രേണുരാജ് എന്ന യുവ ഐഎഎസുകാരിയും ഇവര്‍ക്കൊപ്പം ചേരുന്നു.

അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു സംവാദത്തില്‍ പങ്കെടുക്കുന്നത് ആ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജും കോളജ് വിദ്യാര്‍ഥികളും. പതിവുചോദ്യങ്ങള്‍ക്കിടെ അപ്രതീക്ഷിതമായ ഒരു ചോദ്യം രേണുവിനോട്. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാല്‍ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം.രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ മറുപടിയെത്തി.

പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതല്‍ ലാഭകരം. സിസ്റ്റത്തിനൊപ്പം നില്‍ക്കുകയും വ്യക്തിപരമായ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതിരിക്കുകയുമാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നില്‍ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നില്‍ വരേണ്ടി വരില്ല.

അഞ്ചു വര്‍ഷത്തിനു ശേഷം ദേവികുളത്തെ വിവാദസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസക്തി നേടുകയാണ് രേണുവിന്റെ അന്നത്തെ വാക്കുകള്‍. ഒരു ചെറുപ്പക്കാരിയുടെ ആവേശപ്രകടനം മാത്രമായിരുന്നില്ല ആ വാക്കുകള്‍ എന്ന് ഇന്നു വ്യക്തമാകുന്നു.തെറ്റിനെ എതിര്‍ക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും പ്രത്യാഘാതങ്ങള്‍ ചിന്തിക്കാതെ ശരിയ്‌ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ ആദര്‍ശധീരത. പഠിച്ചിറങ്ങിയകാലത്തെ അതേ തീപ്പൊരിയാണ് താനിന്നും എന്നവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

മുന്‍പു ജോലിചെയ്ത എറണാകുളം തൃശൂര്‍ എന്നിവടങ്ങളില്‍ നിന്നു വ്യത്യസ്തമായിരുന്നു ഇടുക്കി രേണുവിന്. സബ് കലക്ടര്‍മാരെ നിലം തൊടാന്‍ അനുവദിക്കാറില്ലാത്തതില്‍ കുപ്രശസ്തി നേടിയ സ്ഥലമാണ് ഇടുക്കി. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇവിടെ വന്നുപോയത് 14 സബ് കലക്ടര്‍മാര്‍.ഭൂമി കയ്യേറ്റങ്ങളും അവയ്‌ക്കെതിരായ നിലപാടുകളുമാണ് ഉദ്യോഗസ്ഥരുടെ കസേരയിളക്കുന്നത്.

ദേവികുളത്തെയും മൂന്നാറിലെയും മറ്റും കയ്യേറ്റക്കാര്‍ക്കെതിരെ നിലപാടെടുത്താല്‍, ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുത്താല്‍ രാഷ്ട്രീയക്കാര്‍ അവര്‍ക്കു സമ്മാനിക്കും സ്ഥാനചലനം എന്ന പ്രതിഫലം.അങ്ങനെയൊരു സ്ഥലത്ത് എത്തിയിട്ടും മുന്‍ഗാമികളില്‍ നിന്നു പാഠം പഠിച്ച്, സ്വന്തം കസേര സുരക്ഷിതമാക്കുകയല്ല രേണു ചെയ്തത് ആദര്‍ശത്തിലൂന്നിയ ധൈര്യത്തിന്റെ മൂന്നാറിലെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമായി അവര്‍ മുന്നോട്ടുപോകുന്നത്.

Top