Chiking
Latest News

ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 17 മരണം

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ തീപിടിത്തം. 17 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍‌ മൂന്ന് മലയാളികളും. ആലുവ ചേരാനെല്ലൂര്‍ സ്വദേശികളായ  ജയശ്രീ, നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്. 25 പേര്‍ക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്. ഇന്ന് രാവിലെ ഹോട്ടല്‍ അര്‍പ്പിത് പാലസിലാണ് തീപിടിത്തമുണ്ടായത്.  മലയാളികൾ ഉൾപ്പടെ നിരവധി പേർ താമസമുണ്ടായിരുന്നു.

ആലുവ ചേരാനെല്ലൂര്‍ സ്വദേശികളായ പത്തംഗ മലയാളി കുടുംബം ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു.  ഈ സംഘത്തിലുള്ളവരാണ് മരിച്ച മൂന്ന് മലയാളികള്‍. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തിയത്.

26 ഓളം അഗ്നിശമന സേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. രാവിലെ 5.15 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ ഏഴുമണിവരെ തീയും ഒപ്പം കനത്ത പുകയും ഉയർന്നു. നാൽപതിലധികം മുറികൾ കത്തിയമർന്നു. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു. തീയണച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു. ഗ്രൗണ്ട് ഫ്‌ളോറിലും ബേസ്‌മെന്റിലും എത്തുന്നതിന് മുമ്പ് തീ അണച്ചു. 40 മുറികളാണ് അഞ്ചു നില ഹോട്ടലിലുള്ളത്.

ഹോട്ടലിന്റെ ഇടനാഴികള്‍ തടി പാകിയതിനാല്‍ തീ പെട്ടന്ന് പടര്‍ന്നു. ഇതോടെ ആളുകള്‍ക്ക് മുറികളില്‍ നിന്ന് ഇടനാഴി വഴി രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top