Chiking
Latest News

മാതാപിതാക്കളോട് വെന്റിലേറ്റര്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശം; ചികിത്സ കിട്ടാതെ ഒന്നര വയസുകാരി മരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ഭോപ്പാല്‍: പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിക്ക് മതിയായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് ദാരുണാന്ത്യം. തിളച്ചവെള്ളം ശരീരത്തില്‍ വീണാണ് അന്‍ഷികയ്ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റത്. കുഞ്ഞിനെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കുട്ടിയെ പരിശോധിക്കാനെത്തിയ ഡോ ജ്യോതി റാവത്ത് മാതാപിതാക്കളോട് വെന്റിലേറ്റര്‍ കൊണ്ടുവരാനും നിര്‍ദ്ദേശിച്ചു. വെന്റിലേറ്ററിന്റെ വിലയോ ഒരു കോടിയും.

ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ അന്‍ഷിക അഹിര്‍വാറിന് ജീവന്‍ നഷ്ടപ്പെട്ടത്. കുട്ടിയെ പരിശോധിക്കാനെത്തിയ ഡോക്ടര്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലെന്നും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ബന്ധുക്കള്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്നുമാണ് മാതാപിതാക്കളോട് വ്യക്തമാക്കിയത്.

കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഡോ ജ്യോതി റാവത്തിനെ സര്‍വ്വീസില്‍നിന്നും മെഡിക്കല്‍ കോളജ് സസ്‌പെന്റ് ചെയ്തു. രോഗിയുടെ ബന്ധുക്കളോട് മര്യാദയില്ലാതെ പെരുമാറിയതിനാണ് ജ്യോതി റാവത്തിനെ സസ്‌പെന്റ് ചെയ്തതെന്നും ജി എസ് പട്ടേല്‍ വ്യക്തമാക്കി. പൊള്ളലേറ്റ കുഞ്ഞിന് ചികിത്സ നല്‍കിയില്ലെന്ന വാദം ശരിയല്ലെന്ന് ജ്യോതി റാവത്ത് പറഞ്ഞു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും ജ്യോതി റാവത്ത് പറഞ്ഞു.

പൊള്ളലേറ്റവരുടെ വിഭാഗത്തില്‍ വെന്റിലേറ്റര്‍ ഇല്ലാതിരുന്നതിനാലാണ് ചികിത്സ വൈകിയതെന്ന് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ ജി എസ് പട്ടേല്‍ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ആകെ 17 വെന്റിലേറ്ററുകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Top