Chiking
Latest News

സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിന് ശിക്ഷ; തടവും ഒരു ലക്ഷം രൂപ പിഴയും

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിനെ കോടതിലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചു. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷിച്ചത്. കോടതിപിരിയും വരെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതോടൊപ്പം ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഏറെ നിര്‍ണായകമായ കേസില്‍ വിധി പ്രസ്താവിച്ചത്.

ബിഹാറിലെ അഭയകേന്ദ്രത്തില്‍ നടന്ന കൂട്ടബലാത്സംഗക്കേസ് അന്വേഷിച്ചിരുന്ന എ.കെ. ശര്‍മ്മയെ സ്ഥലംമാറ്റിയ നടപടിയാണ് നാഗേശ്വരറാവുവിനെതിരായ ശിക്ഷയിലേക്ക് നയിച്ചത്. നടപടിയില്‍ മാപ്പ് പറഞ്ഞുകൊണ്ട് റാവു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ പാടില്ലായിരുന്നുവെന്ന് നാഗേശ്വര്‍ റാവു പറയുന്നു. റാവുവിന്റെ സത്യവാങ്മൂലം നാളെ സുപ്രീംകോടതി പരിഗണിക്കും.

കേസില്‍ ഫെബ്രുവരി ഏഴിന് വാദംകേട്ട സുപ്രീംകോടതി നാഗേശ്വരറാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് അതീവഗുരുതര നടപടിയാണെന്നും സുപ്രീംകോടതി ഉത്തരവ് കൊണ്ട് കളിക്കരുതെന്നും ചീഫ് ജസ്റ്റിസ് അന്ന് പരാമര്‍ശവും നടത്തി. ഇതിനുപിന്നാലെ നാഗേശ്വരറാവുവിനോട് നേരിട്ട് ഹാജരാകാനും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കോടതി അലക്ഷ്യത്തിന് നിരുപാധികം മാപ്പുപറഞ്ഞിട്ടും നാഗേശ്വര റാവുവിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു കോടതി. അറ്റോണി ജനറല്‍ കെ കെ വേണു ഗോപാലാണ് ഹാജരായത്. കോടതി അലക്ഷ്യത്തിന് കേസ് എടുത്തിരിക്കുന്ന ഒരാള്‍ക്ക് വേണ്ടി എന്തിനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതിന് കെ കെ വേണുഗോപാല്‍ മറുപടി നല്‍കിയില്ല.

മുന്‍ സിബിഐ ജോയന്റ് ഡയറക്ടറായ എ കെ ശര്‍മയെയാണ് സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വരറാവു സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിയത്. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിലക്കുണ്ടായിട്ടും നാഗേശ്വര്‍ റാവു സിബിഐ തലപ്പത്ത് അഴിച്ചുപണി നടത്തിയതിനെതിരെയും സുപ്രീംകോടതി ആഞ്ഞടിച്ചു. എ കെ ശര്‍മയെ കഴിഞ്ഞ ജനുവരി 17ാം തീയതി സിആര്‍പിഎഫിലേക്കാണ് നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയത്.

Top