Chiking
Latest News

മോദി ചാരനും ഇടനിലക്കാരനുമാണ്: റഫാല്‍ ഇടപാടില്‍ പുതിയ തെളിവുകളുമായി രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും ചാരനുമാണെന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ അനില്‍ അംബാനിക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. ഇത് തെളിയിക്കാന്‍ എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശവും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.

റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ആരോപണങ്ങളില്‍ പുതിയ ട്വിസ്റ്റാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ ഇടപാടുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഫ്രാന്‍സ് പര്യടനത്തിന് പോയതിന് പത്ത് ദിവസം മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഓഫിസിലെത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു എന്നതിന് ഒരു പ്രമുഖ ദിനപത്രം തെളിവ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈ സന്ദര്‍ശനം സ്ഥിരീകരിച്ച് എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശം പുറത്തുവിടുന്നത്.

2015 മാര്‍ച്ച് അവസാനവാരമാണ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഏപ്രില്‍ 9 മുതല്‍ 11 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുന്നുണ്ടെന്ന പ്രഖ്യാപനം പുറത്ത് വന്നതിന് ശേഷമായിരുന്നു ഇത്. റഫാല്‍ ഇടപാടിന്റെ അന്തിമ രൂപം തയ്യാറായി കരാര്‍ ഒപ്പു വെയ്‌പ്പെടുമെന്ന് നേരത്തേ അനില്‍ അംബാനി അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ അനില്‍ അംബാനി നേരത്തേ ഫ്രഞ്ച് ഉദ്യോഗസ്ഥരെ കാണാന്‍ പോയത്. അങ്ങനെയെങ്കില്‍ അത്തരം വിവരങ്ങള്‍ അനില്‍ അംബാനിക്ക് എവിടെ നിന്ന് കിട്ടി? മോദി ഇത്തരം വിവരങ്ങള്‍ അംബാനിക്ക് ചോര്‍ത്തി നല്‍കുകയായിരുന്നോ? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ മുന്നോട്ട് വെച്ചത്.

റഫാല്‍ ഇടപാട് സംബന്ധിച്ച വിവാദങ്ങള്‍

ജൂണ്‍ 2001നാണ് വ്യോമസേനയ്ക്കായി 126 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 18 ജെറ്റ് വിമാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ തരത്തില്‍ വാങ്ങാനും ബാക്കിയുള്ള 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡിനെ ഉപയോഗിച്ച് നിര്‍മിക്കാനുമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.

പിന്നീട് 2007 ആഗസ്റ്റില്‍ യുപിഎ കാലത്ത് ലേലം തുടങ്ങിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമാണ് ഫ്രാന്‍സിലെ വിമാനനിര്‍മാണക്കമ്പനിയായ ദസോ ഏവിയേഷന് കരാര്‍ ഏല്‍പിക്കാന്‍ ധാരണയായത്. ദസോ വികസിപ്പിച്ച ‘റഫാല്‍’ എന്ന യുദ്ധവിമാനം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കുതകുന്നതാണെന്ന് കണ്ടാണ് കരാര്‍ ഏല്‍പിച്ചത്. ആദ്യം 18 ജെറ്റ് വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കാനും, ബാക്കി വിമാനനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ നല്‍കി സഹകരിക്കാനുമാണ് ദസോയ്ക്ക് കരാര്‍ നല്‍കിയത്. ദസോയുമായി തുടങ്ങിയ ചര്‍ച്ച 2014 വരെ നീണ്ടെങ്കിലും ആ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ പരാജയപ്പെട്ടതോടെ, ചര്‍ച്ചകള്‍ തല്‍ക്കാലം അവസാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ ഏപ്രില്‍ 2015ന് ഫ്രാന്‍സില്‍ നിന്ന് സര്‍ക്കാരുകള്‍ തമ്മില്‍ 8.7 ബില്യണ്‍ ഡോളര്‍ ചെലവില്‍ 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങള്‍ നിര്‍മിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്.

എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ്, അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോള്‍ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പഴയ കരാര്‍ പ്രകാരം വിമാനനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറില്‍ ഇതില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്‍ഡിഎ ഈ കരാറില്‍ ഓരോ വിമാനത്തിനും നല്‍കുന്ന വിമാനങ്ങളുടെ വില ഇതുവരെ പൊതുജനമധ്യത്തിലോ പാര്‍ലമെന്റിലോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ യുപിഎ കാലത്തെ കരാര്‍ സാധ്യമായ ഒന്നല്ലെന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നത്. യുപിഎയും ഫ്രാന്‍സുമായി കരാര്‍ ഒപ്പിടുന്നത് വൈകാന്‍ കാരണം വിലയിലെ തര്‍ക്കമാണെന്നും മോദി സര്‍ക്കാര്‍ അവകാശപ്പെട്ടു.

എന്നാല്‍ റഫാലിന്റെ അനുബന്ധകരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് നല്‍കിയത് വേറെ വിവാദത്തിന് വഴിയൊരുക്കി. പഴയ കരാര്‍ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്‌തെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപിയും റിലയന്‍സ് ഗ്രൂപ്പും ആരോപണങ്ങള്‍ നിരന്തരം നിഷേധിച്ചിരുന്നു. ഇവയാണ് റഫാല്‍ ഇടപാടിന് പിന്നില്‍ നിലനില്‍ക്കുന്നത്.

Top