Chiking
Latest News

പന്തിന് തിരിച്ചടി; 62 പന്തില്‍ 129 അടിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി സാഹ

Web Desk
Indian Telegram Android App Indian Telegram IOS App

കട്ടക്: നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ സെഞ്ച്വറി തിളക്കത്തോടെ മടങ്ങിവരവ് ഉജ്വലമാക്കി. സയീദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ബംഗാളിനുവേണ്ടിയാണ് സാഹയുടെ പ്രകടനം. 62 പന്തില്‍ 129 റണ്‍സടിച്ച താരത്തിന്റെ പ്രകടന മികവില്‍ ബംഗാള്‍ അരുണാചല്‍ പ്രദേശിനെ 107 റണ്‍സിന് തോല്‍പ്പിച്ചു.

അരുണാചല്‍ ബൗളര്‍മാരെയെല്ലാം സാഹ നിഷ്പ്രഭരാക്കി. ടി20യിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ താരത്തിന്റെ ഇന്നിങ്‌സ് 16 ബൗണ്ടറിയും 4 സിക്‌സറുകളും ഉള്‍പ്പെടുന്നതാണ്. ബംഗാള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തപ്പോള്‍ അരുണാചല്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണെടുത്തത്. ഒരവസരത്തിലും റണ്‍നിരക്കുയര്‍ത്താന്‍ അരുണാചലിന് കഴിഞ്ഞില്ല.

ഇത് രണ്ടാം തവണയാണ് സാഹ ടി20യില്‍ സെഞ്ച്വറി നേടുന്നത്. നേരത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും സാഹ സെഞ്ച്വറി നേടിയിരുന്നു. ഐപിഎല്‍ 2014 ഫൈനലില്‍ ബെംഗളുരുവിനെതിരെ 114 റണ്‍സാണ് സാഹ നേടിയിരുന്നത്. സാഹയുടെ മികവില്‍ കൊല്‍ക്കത്ത അന്ന് കിരീടം സ്വന്തമാക്കുകയും ചെയ്തു. പരിക്കിനെ തുടര്‍ന്ന് മടങ്ങിയെത്തിയശേഷം 2, 3, 6, 11 എന്നിങ്ങനെയായിരുന്നു സാഹയുടെ സ്‌കോര്‍.

ഫോമില്‍ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീമിലേക്കും സാഹയ്ക്ക് വിളിയെത്തിയേക്കും. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് താരം പരിക്കേറ്റ് പുറത്താകുന്നത്. പകരക്കാരനായെത്തിയ ഋഷഭ് പന്ത് ടീമില്‍ സ്ഥിരതനേടുന്ന പ്രകടനം നടത്തിയതോടെ സാഹയ്ക്ക് തിരിച്ചുവരാന്‍ കടുത്ത മത്സരംതന്നെ നടത്തേണ്ടിവരും. അതേസമയം, പരിമിത ഓവറില്‍ ശരാശരി പ്രകടനം മാത്രം നടത്തുന്ന പന്ത് ലോകകപ്പ് ടീമില്‍ ഇടംനേടാനുള്ള കഠിനപ്രയത്‌നത്തിലാണ്.

Top