Chiking
Latest News

റഫാല്‍: ഹിന്ദു പത്രത്തിനെതിരെ കേസെടുക്കുമെന്ന് കേന്ദ്രം, മോഷ്ടിച്ച തെളിവും നോക്കുമെന്ന് കോടതി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂ ഡല്‍ഹി: റഫാല്‍ കേസ് വാദത്തിനിടെ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സുപ്രീംകോടതി ജഡ്ജിമാരും തമ്മില്‍ രൂക്ഷമായ വാഗ്വാദം. മോഷ്ടിച്ച സര്‍ക്കാര്‍ രേഖകളാണ് കോടതിക്ക് മുന്‍പെ എത്തിച്ചിരിക്കുന്നതെന്നും അതീവഗൗരവ സ്വഭാവത്തിലുള്ള ഈ രേഖകള്‍ കോടതി പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യുരതെന്നും എജി ആവശ്യപ്പെട്ടു.

ഹിന്ദു പത്രം പുറത്തു വിട്ട രഹസ്യരേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിനിര്‍ണായക രേഖകളാണെന്നും ഇതു ചോര്‍ത്തിയതും പ്രസിദ്ധീകരിച്ചതും ഗുരതരമായ കുറ്റകൃതമാണെന്നും എജി കെകെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചു.

രാജ്യസുരക്ഷുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിട്ടത് കോടതീയലക്ഷ്യമാണ്. ഒരിക്കലും പുറത്ത് വരാന്‍ പാടില്ലാത്ത രേഖകളായിരുന്നു ഇതെല്ലാം. പ്രതിരോധ രേഖകള്‍ വിവരാവകാശ നിയമപരിധിയില്‍ വരുന്നതല്ല. രഹസ്യഫയലുകള്‍ (കോണ്‍ഫിഡന്‍ഷ്യല്‍) എന്ന് രേഖപ്പെടുത്തിയ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.

ഇവ പുറത്ത് വിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കി. റഫാല്‍ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി. ഈ ഘട്ടത്തില്‍ ഇനി കരാറില്‍ നിന്നും പുറത്തു പോകാന്‍ സാധിക്കില്ല. റഫാല്‍ വിമാനങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ആവശ്യമാണ്. എഫ്16 വിമാനങ്ങളെ നേരിടാന്‍ ഇവയ്‌ക്കേ സാധിക്കൂ.മിഗ് 21 പഴയതാണെങ്കില്‍ പോലും നമ്മള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നമ്മുക്ക് വേണ്ടത് റഫാല്‍ പോലുള്ള പോര്‍വിമാനങ്ങളാണെന്നും എ ജി ചൂണ്ടിക്കാട്ടി.

രഹസ്യരേഖകള്‍ ചോര്‍ത്തുകയും പരസ്യപ്പെടുത്തുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇവര്‍ വിചാരണ നേരിടേണ്ടി വരും. രണ്ടു ദിനപത്രങ്ങള്‍ക്ക് എതിരെയും ഒരു മുതിര്‍ന്ന അഭിഭാഷകന് എതിരെയും ക്രിമിനല്‍ നടപടി എടുക്കും.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുമാണ് റഫാല്‍ രേഖകള്‍ മോഷ്ടിച്ചിരിക്കുന്നത്. ഇത് ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണ്. ഇതില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇത് അതീവ ഗൗരവമേറിയ വിഷയമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാകാം രേഖകള്‍ മോഷ്ടിച്ചത്. കോടതിയെ സ്വാധീനിക്കാന്‍ ആണ് റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും എജി പറഞ്ഞു.

മോഷ്ടിച്ച രേഖകള്‍ പോലും പ്രസക്തമെങ്കില്‍ പരിഗണിക്കാമെന്ന് കോടതി തന്നെ നിരവധി വിധികളില്‍ പറഞ്ഞിട്ടുണ്ടെന്നു ജസ്റ്റിസ് കെഎം ജോസഫ് വാദത്തിനിടെ ചൂണ്ടിക്കാട്ടി. പുനപരിശോധന ഹര്‍ജിയില്‍ അന്വേഷണ ആവശ്യം ഉന്നയിക്കപ്പെടുമ്പോള്‍ ദേശീയ സുരക്ഷ എന്ന വിഷയം ഉയരുന്നില്ലെന്നും കെഎം ജോസഫ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ചില കാര്യങ്ങള്‍ കോടതിയുടെ പരിഗണനയ്ക്ക് പുറത്താണെന്ന് എജി ഈ വാദത്തെ ഖണ്ഡിച്ചു കൊണ്ട് പറഞ്ഞു. യുദ്ധം തുടങ്ങാണോ വേണ്ടയോ എന്ന് കോടതിയില്‍ വന്ന് അനുമതി തേടാന്‍ ആകുമോയെന്നു എജി സുപ്രീംകോടതിയോട് ചോദിച്ചു. ഈ ഘട്ടത്തില്‍ നിങ്ങള്‍ ദേശീയ സുരക്ഷയെപ്പറ്റി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണല്ലോ എന്നായിരുന്നു ജസ്റ്റിസ് കെഎം ജോസഫിന്റെ മറുപടി.

നിരപരാധി ആണെന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രതി രേഖകള്‍ മോഷ്ടിച്ച് ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കുന്നു. ഈ രേഖകള്‍ പ്രകാരം പ്രതി നിരപരാധിയാണ്. അപ്പോള്‍ ജഡ്ജി രേഖ സ്വീകരിക്കാതിരിക്കുകയാണോ വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോട് ചോദിച്ചു. ഉറവിടം വെളിപ്പെടുത്തിയാല്‍ മാത്രമേ രേഖകള്‍ പരിഗണിക്കാവൂ എന്ന് ഇതിന് എജി മറുപടി നല്‍കി. രേഖകളുടെ പ്രസക്തി മാത്രമല്ല വിഷയം. വിരമിച്ച ഉദ്യോഗസ്ഥര്‍ ആണോ നിലവില്‍ സര്‍വീസില്‍ ഉള്ളവരാണോ രേഖകള്‍ നല്‍കിയെന്നത് ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്നും എജി പറഞ്ഞു.

റോഡോ അണക്കെട്ടോ ആയി ബന്ധപ്പെട്ട പൊതു താല്‍പര്യ ഹര്‍ജി ആണെങ്കില്‍ കോടതി പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്. പക്ഷെ ഇത് റഫാല്‍ ഇടപാടാണ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. കോടതിയെ രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കാന്‍ അനുവദിക്കരുത്. ജുഡീഷ്യറി സംയമനം പാലിക്കണം സുപ്രീംകോടതിയെ വിമര്‍ശിച്ചു കൊണ്ട് എജി പറഞ്ഞു. രേഖയുടെ ഉറവിടം വെളിപ്പെടുത്താന്‍ പ്രതിക്ക് ബാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ മാത്രമേ കോടതി അത് പരിഗണിക്കാവൂ. എതിര്‍ വാദങ്ങള്‍ തള്ളി എജി കെകെ വേണുഗോപാല്‍ പറഞ്ഞു.

സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ നിന്ന്

ചീഫ് ജസ്റ്റിസ്: ഒരാള്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നുവെന്ന് കരുതുക. അയാളുടെ ഉദ്ദേശം ശരിയല്ലെന്ന് കണ്ടാല്‍ ഞങ്ങള്‍ കേള്‍ക്കില്ല. പക്ഷെ ഉദ്ദേശ ശുദ്ധി നല്ലതാണെങ്കില്‍ കേള്‍ക്കും. അതിനായി അമിക്കസ് ക്യൂറിയെ നിയമിക്കും. ഇവിടെയോ..

അറ്റോര്‍ണി ജനറല്‍: റോഡോ അണക്കെട്ടോ ആയി ബന്ധപ്പെട്ട പൊതുതാല്പപര്യ ഹര്‍ജി ആണെങ്കില്‍ ശരി. പക്ഷെ ഇത് റഫാല്‍ ഇടപാടാണ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടു വരുന്ന വാദങ്ങളും പ്രതിവാദങ്ങളും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ട്. റഫാലുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിന്ന് വരുന്ന എന്തും സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കും. ഈ കേസ് കോടതി പരിഗണിക്കരുത്.

ചീഫ് ജസ്റ്റിസ്: നിരപരാധി ആണെന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രതി രേഖകള്‍ മോഷ്ടിച്ച് ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കുന്നു. ഈ രേഖകള്‍ പ്രകാരം പ്രതി നിരപരാധിയാണ്. അപ്പോള്‍ ജഡ്ജി രേഖ സ്വീകരിക്കാതിരിക്കു കയാണോ വേണ്ടത്?

ജസ്റ്റിസ് കെഎം.ജോസഫ്: അറ്റോര്‍ണി ജനറല്‍, നിങ്ങള്‍ നിയമത്തെ പറ്റി പറയൂ. നിങ്ങള്‍ നിയമത്തെപ്പറ്റിയല്ല പറഞ്ഞുകൊണ്ടിരിക്കുന്നത്, ഇത് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. മോഷ്ടിച്ച രേഖകള്‍ പോലും പ്രസക്തമെന്ന് കണ്ടാല്‍ കോടതിക്ക് പരിശോധിക്കാന്‍ ആകും. തെളിവുനിയമത്തില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജ്യ സുരക്ഷ സംബന്ധിച്ച വിഷയം ഇവിടെ ഉയരുന്നില്ല. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നതാണ് വിഷയം. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യനിയമത്തിന്റെ ചിറകിനടിയില്‍ ഒളിക്കാന്‍ സര്‍ക്കാരിന് കഴിയില്ല

എജി: ഇതിനോട് യോജിക്കാനാവില്ല. രേഖകള്‍ എവിടെ നിന്ന് ലഭിച്ചു എന്നതും പ്രധാനമാണ്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്ന ഒറ്റക്കാരണത്താല്‍ റിവ്യൂഹര്‍ജികള്‍ തള്ളണം.

ജസ്റ്റിസ് കെ എം ജോസഫ്: രേഖകള്‍ എങ്ങനെ കൈകലാക്കി എന്നത് കോടതിയുടെ വിഷയമല്ല മിസ്റ്റര്‍ അറ്റോര്‍ണി ജനറല്‍

എജി:നിയമ വിരുദ്ധമായി കിട്ടിയ രേഖകള്‍ തെളിവായി സ്വീകരിക്കേണ്ടെന്ന് 2004ല്‍ ജസ്റ്റിന് അരിജിത്ത് പസായത്തിന്റെ വിധിയുണ്ട്. രേഖകള്‍ ഒരു കാരണവശാലും കോടതി പരിഗണിക്കരുത്.

ജസ്റ്റിസ് കെ എം ജോസഫ്: എജിയുടെ ഈ വാദമൊക്കെ ബൊഫോഴ്‌സ് കേസിലും ബാധകമാവുമോ ?

ജസ്റ്റിസ് കൗള്‍: ദി ഹിന്ദുവും എന്‍ഐഎയും പുറത്തു വിട്ട റഫാല്‍ രേഖകള്‍ മോഷ്ടിച്ചതാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞ കാര്യം അംഗീകരിച്ചാലും കോടതിക്ക് ബോധ്യപ്പെട്ടാല്‍ രേഖകള്‍ പരിഗണിക്കേണ്ടി വരും

സത്യം പുറത്ത് കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഹര്‍ജിക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന എജിയുടെ പ്രസ്താവന പരസ്യമായ ഭീഷണിയാണെന്ന് കേസിലെ ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ഹര്‍ജികാര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് അറ്റോര്‍ണി ജനറല്‍ പറയുന്നത് ഭയപ്പെടുത്താനുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകള്‍ കോടതിയെ അറിയിക്കുമ്പോള്‍ ഇത്തരം ഭീഷണികള്‍ ഉയര്‍ത്തുന്നത് ക്രിമിനല്‍ കോടതിയലഷ്യമാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

റഫാല്‍ കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവരാണ് റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പുറത്തു വന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം റഫാല്‍ കേസില്‍ ഇനി പുതിയ രേഖകള്‍ പരിശോധിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹിന്ദു എഡിറ്റര്‍ എന്‍.റാം നല്‍കിയ കത്ത് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിനോട് പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. നേരത്തെ കേസില്‍ സമര്‍പ്പിച്ച രേഖകള്‍ മാത്രമേ ഇനി പരിശോധിക്കൂ എന്ന് കോടതി പറഞ്ഞു.

എന്നാല്‍ ശരിയായ രേഖകള്‍ പരിശോധിച്ചിരുന്നെങ്കില്‍ കേസിലെ വിധി മറ്റൊന്ന് ആകുമായിരുന്നുവെന്നു പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. രേഖകള്‍ കോടതിയില്‍ നിന്ന് മറച്ചുവച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വ്യാജരേഖ ചമച്ചതിന് കേസ് എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

Top