Chiking
Latest News

ബിജെപിയില്‍ ആധിപത്യം ഉറപ്പിച്ച് ആര്‍എസ്എസ്; പരീക്ഷണത്തിനൊരുങ്ങി കുമ്മനം

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയതോടെ ബിജെപിയില്‍ ആര്‍എസ്എസ് ആധിപത്യം ഉറപ്പിച്ചു. കുമ്മനത്തെ രാഷ്ട്രീയ വനവാസത്തിനയച്ചത് വിമതനീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ശക്തമായിരുന്നു. തിരുവനന്തപുരത്ത് കുമ്മനത്തിന് ജയിച്ചുകയറാനായില്ലെങ്കില്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വം കേന്ദ്രത്തോട് മറുപടി പറയേണ്ടി വരും.

2018 മെയ് 29നാണ് കുമ്മനം മിസോറാം ഗവര്‍ണറായി ചുമതലയേറ്റെടുക്കുന്നത്, ഒരു വര്‍ഷം തികയും മുമ്പ് കുമ്മനം പദവിയൊഴിഞ്ഞ് തിരിച്ചെത്തുന്നതിന് പിന്നില്‍ ആര്‍എസ്എസ്സിന്റെ കടുംപിടുത്തം ഒന്നുമാത്രമാണ്. ബിജെപി സംസ്ഥാന നേതൃത്വമോ ആര്‍എസ്എസ്സോ അറിയാതെ കുമ്മനത്തെ പറിച്ചുനട്ടതിനെതിരെ നേതാക്കള്‍ക്കിടയില്‍ അമര്‍ഷം ശക്തമായിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് കുമ്മനത്തിന് രാഷ്ട്രീയവനവാസം വിധിച്ചതെന്ന് ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തി. ആര്‍എസ്എസ് സര്‍കാര്യവാഹ് ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടു. കുമ്മനം സ്ഥാനം ഒഴിഞ്ഞതോടെ പ്രസിഡന്റ് പദവിക്കായി ഇരുവിഭാഗങ്ങളും തമ്മില്‍ കൊമ്പുകോര്‍ത്തു.

ഒടുവില്‍ സമവായത്തിന്റെ ഭാഗമായി ശ്രീധരന്‍പിള്ള പ്രസിഡന്റായി. അപ്പോഴും കുമ്മനത്തെ തിരിച്ചെത്തിക്കാനുള്ള നീക്കം ആര്‍എസ്എസ് തുടര്‍ന്നു. തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനത്തിനുള്ള സ്വീകാര്യതയും ആര്‍എസ്എസ് കേന്ദ്രത്തെ ധരിപ്പിച്ചു. മടങ്ങാനുള്ള മൗനസമ്മതം കുമ്മനവും അറിയിച്ചതോടെ കേന്ദ്രം വഴങ്ങി. തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങറാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയാണ് കുമ്മനത്തിന്റെ വരവ്.

ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും ഉള്‍പ്പെടെ പലപേരുകള്‍ പകരക്കാരായി ഉയര്‍ന്നിരുന്നു. തിരുവനന്തപുരം പരീക്ഷണം പാളിയാല്‍ ആര്‍എസ്എസിന്റെ കണക്കുകൂട്ടലുകള്‍ പാളും. ബിജെപി അധ്യക്ഷപദവിയിലേക്ക് കുമ്മനം തിരിച്ചെത്തുമോയെന്നും ഇനി അണികള്‍ കാതോര്‍ക്കുന്നുണ്ട്.

Top