Chiking
Latest News

തെരഞ്ഞെടുപ്പ് ഉത്സവത്തിന് കൊടിയേറി; സഖ്യകക്ഷികളോട് സീറ്റ് ധാരണയിലെത്താതെ യുപിഎ; പുതിയ തന്ത്രങ്ങള്‍ പയറ്റി ബിജെപി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചിട്ടും എന്‍.ഡി.എ.ക്കെതിരേ മഹാസഖ്യമുണ്ടാക്കാനും സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി സീറ്റു ധാരണയിലെത്താനുമാവാതെ യു.പി.എ.. കൈവിട്ട കക്ഷികള്‍ക്കുപകരം പുതിയവരെ തേടിയും ആടിയുലഞ്ഞ ശിവസേന ഉള്‍പ്പെടെയുള്ളവരെ കൂടെനിര്‍ത്തിച്ചും എന്‍.ഡി.എ.. തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയിട്ടും ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥിനിര്‍ണയവും പൂര്‍ത്തിയായില്ല.

ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ആന്ധപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഹാസഖ്യത്തിന്റെ ഭാഗമായുള്ള കക്ഷികളുമായിപ്പോലും കോണ്‍ഗ്രസിന് സഖ്യത്തിലെത്താനായിട്ടില്ല. മഹാസഖ്യത്തിലെ 21 കക്ഷികള്‍ ദേശീയതലത്തില്‍ പൊതുമിനിമം പരിപാടിയുണ്ടാക്കി പ്രവര്‍ത്തിക്കുമെന്ന് മാസങ്ങളായി പറയുന്നുണ്ടെങ്കിലും അന്തിമതീരുമാനമായില്ല.

ബി.ജെ.പി.യാകട്ടെ, മഹാരാഷ്ട്രയിലും ബിഹാറിലും ശിവസേനയെയും ജനതാദള്‍ യു.വിനെയും അനുനയിപ്പിക്കാന്‍ ജയിക്കുന്ന സീറ്റടക്കം വിട്ടുനല്‍കി. അസമില്‍ അസം ഗണപരിഷത്തും ആന്ധ്രയില്‍ തെലുഗുദേശവും നഷ്ടപ്പെട്ടെങ്കിലും ഇവിടങ്ങളിലും തമിഴ്‌നാട്ടിലുമടക്കം പുതിയ സഖ്യങ്ങളുണ്ടാക്കി.

80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബി.എസ്.പി. എസ്.പി. സഖ്യവുമായി ധാരണയിലെത്താന്‍ കോണ്‍ഗ്രസ് ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി. എങ്കിലും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും മത്സരിക്കുന്ന റായ്ബറേലിയും അമേഠിയുമല്ലാതെ മറ്റൊന്നും കോണ്‍ഗ്രസിന് നല്‍കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ബി.എസ്.പി. നേതാവ് മായാവതി. ഇതേത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ദുര്‍ബലമായ സംഘടനാസംവിധാനമുള്ള ഇവിടെ ആറിലധികം സീറ്റുകള്‍ നേടാനാവുമെന്ന് കോണ്‍ഗ്രസ് പോലും പ്രതീക്ഷിക്കുന്നില്ല. മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിസംഭരിച്ച് മുന്നോട്ടുനീങ്ങുകയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ബംഗാളില്‍ സി.പി.ഐഎമ്മുമായി സഖ്യമുണ്ടാക്കാനായ കോണ്‍ഗ്രസിന് മഹാസഖ്യത്തിന്റെ ഭാഗമായ എ.എ.പി.യുമായി ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാനാവാത്തതും വലിയ തിരിച്ചടിയാണ്. എ.എ.പി.യും കോണ്‍ഗ്രസും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചാല്‍ ആകെയുള്ള ഏഴു സീറ്റിലും തോല്‍ക്കുമെന്നാണ് ഇരുപാര്‍ട്ടികളും നടത്തിയ സര്‍വേയില്‍ തെളിഞ്ഞത്. തങ്ങളെ അധികാരത്തില്‍നിന്ന് താഴെയിറക്കിയ എ.എ.പി.യുമായി കൂട്ടുകൂടിയാല്‍ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്.

മഹാരാഷ്ട്രയില്‍ ഉടക്കിനിന്ന ശിവസേനയ്ക്ക് 23 സീറ്റ് നല്‍കി ബി.ജെ.പി. ധാരണയിലെത്തിയിട്ടുണ്ട്. 2014 ല്‍ ആകെയുള്ള 48 സീറ്റുകളില്‍ ശിവസേന 20 ഇടത്താണ് മത്സരിച്ചത്. 25 സീറ്റുകളില്‍ ഇത്തവണ ബി.ജെ.പി. മത്സരിക്കും. സംസ്ഥാനം തൂത്തുവാരുമെന്നാണ് സഖ്യത്തിന്റെ അവകാശവാദം. ഇവിടെ കോണ്‍ഗ്രസ് എന്‍.സി.പി. മുന്നണിയില്‍നിന്ന് ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ പാര്‍ട്ടിയായ ബാരിപ ബഹുജന്‍ മഹാസംഘ് പുറത്തുപോയി. പിന്നാലെ കര്‍ഷക നേതാവായ രാജു ഷെട്ടിയുടെ സ്വാഭിമാനി ശക്താരി സംഘടനയും രണ്ടു സീറ്റു തന്നില്ലെങ്കില്‍ മുന്നണിവിടുമെന്ന് ഭീഷണി മുഴക്കിയിരിക്കയാണ്.

പൗരത്വ ബില്‍ നടപ്പാക്കുമെന്ന എന്‍.ഡി.എ. നിലപാടില്‍ പ്രതിഷേധിച്ച് അസമില്‍ അസം ഗണപരിഷത്ത് എന്‍.ഡി.എ. വിട്ടെങ്കിലും ചെറുപാര്‍ട്ടികളുമായി ബി.ജെ.പി. ധാരണയിലെത്തി. എന്നാല്‍, പുറത്തുപോയ എ.ജി.പി.യുമായി ഇനിയും ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. ഇവരുമായും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായും ധാരണയിലെത്തിയാല്‍ 14ല്‍ 10 സീറ്റ് കിട്ടുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇങ്ങനെയൊരു സഖ്യം വന്നാല്‍ ബി.ജെ.പി.ക്കനുകൂല ജനവികാരമുണ്ടാകുമോ എന്ന ഭയത്തിലാണിപ്പോഴും കോണ്‍ഗ്രസ്.

തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ.യുമായി ബി.ജെ.പി. ധാരണയിലെത്തിയിട്ടുണ്ട്. ഇവിടെ കോണ്‍ഗ്രസ് ഡി.എം.കെ.യ്‌ക്കൊപ്പമാണ്. കര്‍ണാടകത്തില്‍ ജനതാദള്‍ എസുമായി കോണ്‍ഗ്രസിന്റെ സീറ്റുധാരണ അന്തിമഘട്ടത്തിലാണ്.

ബിഹാറില്‍ ജനതാദള്‍ യു.വുമായി ബി.ജെ.പി. ധാരണയിലെത്തി. ഇവിടെ ഉപേന്ദ്ര കുശ്‌വാഹയുടെ ലോക്‌സമതാ പാര്‍ട്ടി എന്‍.ഡി.എ. വിട്ട് മഹാസഖ്യത്തിലെത്തിയിട്ടുണ്ട്. ആന്ധ്രയില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനുമുന്നില്‍ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്. ഇവിടെ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം എന്‍.ഡി.എ. വിട്ടെങ്കിലും സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല.

Top