Chiking
Latest News

കൊച്ചി ആള്‍ക്കൂട്ട കൊലപാതകം: മുഖ്യപ്രതിയടക്കം ആറു പേര്‍ പിടിയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: കൊച്ചി പാലച്ചുവട്ടിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ മുഖ്യപ്രതിയടക്കം ആറു പേര്‍ പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതി അസീസ്, മകന്‍ അനീസ് എന്നിവരടക്കം ആറു പേരാണ് പൊലീസ് പിടിയിലായത്.

പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കേസില്‍ മൊത്തം 14 പ്രതികളാണുള്ളത്. ഏഴു പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മാര്‍ച്ച് 9 നാണ് ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗീസിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത കണ്ടെത്തിയ തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ യുവാവിന്റെ മരണം സാദാചാരക്കൊലയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അനാശാസ്യം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഈ മര്‍ദ്ദനത്തിനിടെ യുവാവ് കൊല്ലപ്പടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അപകട മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ജിബിന്റെ മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോണ്‍ കോള്‍ വരികയും തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്‌കൂട്ടറുമായി ജിബിന്‍ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ 10 സംഘമായാണ് കേസ് അന്വേഷിക്കുന്നത്.

Top