Chiking
Latest News

ആദ്യം കുത്തി, പിന്നെ ബാഗില്‍ കരുതിയ പെട്രോള്‍ എടുത്ത് ദേഹത്ത് ഒഴിച്ചു; തിരുവല്ലയില്‍ യുവതിയെ പെട്രോളൊച്ച് തീകൊളുത്തിയത് പ്രണയനൈരാശ്യം കൊണ്ട് തന്നെ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവല്ല: യുവാവ് നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറിയെന്ന് സൂചന. പ്രണയ നൈരാശ്യം തന്നെയാണ് സംഭവത്തിന് പിന്നില്‍. പത്തനംതിട്ട ജില്ലക്കാരിയാണ് ആക്രമണത്തിനിരയായത്. പ്രതി കുമ്ബനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു(18) വിനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. യുവതിയുടെ നില ഇപ്പോഴും അതീവഗുരുതരമാണ്. 60 ശതമാനം പൊള്ളലേറ്റ യുവതി അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 9.10ന് തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ചിലങ്ക ജങ്ഷനു സമീപത്താണ് സംഭവം.

പെണ്‍കുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. തല മുതല്‍ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളിയ നിലയിലാണ്. മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവന്‍ കരിഞ്ഞു. പേശികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതുമൂലം വൃക്കകള്‍ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്. അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്. യുവതി റേഡിയോളജി കോഴ്‌സ് പഠിക്കുന്ന സ്ഥാപനത്തിലേക്ക് ബസ്സിറങ്ങി നടന്നുപോകുകയായിരുന്നു. ഇതേ ബസില്‍ വന്ന അജിന്‍ യുവതിയുമായി സംസാരിച്ചുവരുന്നതിനിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ കത്തി കൊണ്ട് വയറ്റില്‍ കുത്തി. ബാഗിലെ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ കൊണ്ട് കത്തിച്ചു. തീ ആളുന്നതിനിടെ, 10 ചുവട് മുന്നോട്ടോടിയ യുവതി പിന്നിലേക്ക് മറിഞ്ഞുവീണു. സമീപത്തെ കടകളിലും മറ്റും ഉണ്ടായിരുന്നവര്‍ വെള്ളമൊഴിച്ച് തീകെടുത്തി.

യുവതിയെ തീ കൊളുത്തിയ സംഭവത്തില്‍ പൊലീസിനു തെളിവായതു റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കളിപ്പാട്ടക്കടയിലെ ക്യാമറയാണ്. ഇതില്‍ എല്ലാം വ്യക്തമാണ്. റോഡിലൂടെ പെണ്‍കുട്ടി നടന്നുവരുന്നു. പിന്നാലെയെത്തുന്ന യുവാവ് സംഭവസ്ഥലത്തെത്തുമ്‌ബോള്‍ വഴി തടസ്സപ്പെടുത്തി മുന്‍പിലേക്കു കയറി നിന്നു സംസാരിക്കുന്നു. ഇതിനിടയില്‍ പെണ്‍കുട്ടി വയര്‍ പൊത്തി വേദനയോടെ നില്‍ക്കുന്നു. പെട്ടെന്നു യുവാവ് ബാഗ് തുറന്നു എന്തോ ദ്രാവകം യുവതിയുടെ തലയിലൂടെ ഒഴിക്കുന്നു. യുവാവ് ലൈറ്റര്‍ കത്തിക്കുന്നതു പോലെയുള്ള ആക്ഷന്‍. യുവതിയുടെ ദേഹത്ത് തീ പടരുന്നു. ഇവര്‍ പുറകോട്ടു വീഴുന്നു. നാട്ടുകാര്‍ ഓടിക്കൂടി ഫ്‌ളെക്‌സ് ബോര്‍ഡ് ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നു. പിന്നെ നാട്ടുകാരുടെ ഇടപെടലും.

സംഭവസ്ഥലത്തുതന്നെ നിന്ന അജിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസിന് കൈമാറി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് യുവതിയെ ആദ്യം പ്രവേശിപ്പിച്ചത്. ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിയാണ് അജിന്‍. ഇരുവരും ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സഹപാഠികളായിരുന്നു. പ്രണയം നിരസിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് യുവതിയും പൊലീസിന് ആശുപത്രിയില്‍ വെച്ച് മൊഴി നല്‍കിയിട്ടുണ്ട്. അയിരൂര്‍ സ്വദേശിനിയായ 18 വയസുകാരിയെയാണ് പട്ടാപ്പകള്‍ തിരുവല്ല ചിലങ്ക ജങ്ഷനില്‍ വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍, അജിനോട് പെണ്‍കുട്ടി ഒരുഘട്ടത്തിലും താല്‍പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും യുവാവ് വിവാഹക്കാര്യം അവതരിപ്പിച്ചെങ്കിലും അവരും തള്ളിപ്പറഞ്ഞതോടെയാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്. കൈയില്‍ കരുതിയിരുന്ന രണ്ടുകുപ്പി പെട്രോളില്‍ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ശരീരത്തേക്ക് ഒഴിച്ചത്. തീക്കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നതുകണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ചിലങ്ക ജംക്ഷനില്‍ നിന്നു വിദ്യാര്‍ത്ഥികളായ യുവാവും യുവതിയും നടന്നുപോകുന്നതു പലരും കണ്ടിരുന്നു. റോഡില്‍ നിന്നു സംസാരിക്കുന്നതിനിടെ യുവാവ് യുവതിയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ചതും തീ കൊളുത്തിയതും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. 40 സെക്കന്‍ഡിനുള്ളില്‍ എല്ലാം കഴിഞ്ഞു.തീ ആളിക്കത്തിയപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. പെണ്‍കുട്ടിയുടെ ദേഹത്തെ തീ കെടുത്താനായിരുന്നു ആദ്യശ്രമം. രണ്ടു ബക്കറ്റ് വെള്ളമൊഴിച്ചതോടെ തീ കെട്ടു. ഉടനെ പെണ്‍കുട്ടി പുറകോട്ടു മറിഞ്ഞുവീഴുകയും ചെയ്തു. അപ്പോള്‍ തന്നെ ഒരു കിലോമീറ്ററകലെയുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

ഈ സമയമെല്ലാം റോഡില്‍ അക്ഷോഭ്യനായി നിന്ന യുവാവിനെ ചിലര്‍ പിടിച്ചുനിറുത്തി. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റിയശേഷമാണ് അന്വേഷണം തുടങ്ങിയത്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാണ് പ്രതി വന്നതെന്നുമാണ് പൊലീസ് നിഗമനം. അതിനാണ് കത്തി, പെട്രോള്‍, കയര്‍ എന്നിവയുമായി തിരുവല്ലയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ ദേഹത്ത് തീപടരുന്നതു കണ്ട് അക്ഷ്യോഭ്യനായി നിന്ന അജിന്‍ സ്റ്റേഷനിലെത്തിയിട്ടും ഭാവമാറ്റമില്ലാതെ നിന്നത് പൊലീസിനെ അദ്ഭുതപ്പെടുത്തി.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top