Chiking
Latest News

ഈ യുദ്ധം വിജയിച്ചേ മതിയാകൂ; രാജ്യത്തിന്റെ ശത്രുക്കളുടെ അജന്‍ഡകളെ തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കും: രാഹുല്‍ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App


അഹമ്മദാബാദ്: പ്രതിപക്ഷത്തിന്റെ വിശാലസഖ്യം പാതിവഴിയിലെത്തിനില്‍ക്കെ, വിട്ടുവീഴ്ചയുടെ സൂചനയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തിലാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താന്‍ എന്തു ത്യാഗവും അധികമാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പിന്നീട് രാഹുല്‍ ഇത് ട്വീറ്റ് ചെയ്യുകയുമുണ്ടായി.

‘മഹാത്മാഗാന്ധിയുടെ ദണ്ഡിമാര്‍ച്ചിന്റെ വാര്‍ഷികത്തില്‍ അഹമ്മദാബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം ബി.ജെ.പിയും ആര്‍.എസ്.എസും പുലര്‍ത്തുന്ന ഫാസിസത്തിന്റെയും വെറുപ്പിന്റെയും പകയുടെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താന്‍ തീരുമാനിക്കുന്നു. ഈ ശ്രമത്തേക്കാള്‍ മഹത്തരമായ ത്യാഗമൊന്നും ഇപ്പോഴില്ല. ഈ യുദ്ധം വിജയിച്ചേ മതിയാകൂ…’ സമ്മേളനത്തിന്റെ തീരുമാനമായി അദ്ദേഹം അറിയിച്ചു.

ദേശസുരക്ഷയുടെ പ്രശ്‌നത്തെ പ്രധാനമന്ത്രി വൈകാരികമായി ചൂഷണം ചെയ്യുകയാണെന്ന് ഔദ്യോഗികപ്രമേയത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍, രാജ്യത്തിന്റെ ശത്രുക്കളുടെ അജന്‍ഡകളെ തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും വ്യക്തമാക്കി. ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും അന്തരീക്ഷം സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, ബുദ്ധിജീവികള്‍, വ്യവസായികള്‍ എന്നിവര്‍ക്കിടയില്‍ ബി.ജെ.പി.യുടെ ഭരണകാലത്ത് വ്യാപിച്ചിരിക്കുന്നു. എസ്.സി., എസ്.ടി., ഒ.ബി.സി., ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ ആസൂത്രിതമായ കൈയേറ്റം നടക്കുന്നു പ്രമേയം കുറ്റപ്പെടുത്തി.

ബി.ജെ.പി.ക്ക് വ്യക്തമായ സന്ദേശം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ജന്മദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി സംഘടിപ്പിച്ചത്. രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണിയാഗാന്ധി, മന്‍മോഹന്‍സിങ്, പ്രിയങ്കാഗാന്ധി, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗെഹലോത്ത്, പി.സി. ചാക്കോ തുടങ്ങി അറുപതോളം മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ചു.

ഉച്ചയ്ക്കുശേഷം അഡാലജില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഗുജറാത്തില്‍ ഉടലെടുത്ത ഗാന്ധിജിയുടെ ആദര്‍ശവും ബി.ജെ.പി.യുടെ വെറുപ്പിന്റെ ആദര്‍ശവും തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. നോട്ട് അസാധുവാക്കല്‍, കാര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളുയര്‍ത്തി അദ്ദേഹം മോദിയെ കടന്നാക്രമിച്ചു. ‘ചൗക്കീദാര്‍ ചോര്‍ ഹെ…’ എന്ന മോദിവിമര്‍ശം ആവര്‍ത്തിച്ചു.

വേദിയിലുണ്ടായിരുന്ന മന്‍മോഹന്‍സിങ്ങിനെയും ആന്റണിയെയും ചൂണ്ടി… ‘ഇവര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ച യുദ്ധവിമാനം ഒരു കടലാസ് വിമാനം പോലും ഉണ്ടാക്കാനറിയാത്ത വ്യവസായിക്കായി കൂടുതല്‍ വിലയ്ക്കുവാങ്ങാന്‍ തീരുമാനിച്ചയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി’യെന്ന് കുറ്റപ്പെടുത്തി.

ജെയ്‌ഷെ ഭീകരനെ വിമാനത്തില്‍ മോചിപ്പിച്ച് കൊണ്ടുപോയ ആളാണ് ഇപ്പോള്‍ മോദിയുടെ സുരക്ഷാ ഉപദേഷ്ടാവെന്നും പരിഹസിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും പാവപ്പെട്ടവര്‍ക്ക് അടിസ്ഥാനവരുമാനം ഉറപ്പാക്കുമെന്നും രാഹുല്‍ ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തു.

Top