Chiking
Latest News

നിസ്വാര്‍ത്ഥ സേവനത്തിന്റെ 33 വര്‍ഷങ്ങള്‍; ക്രൈസ്റ്റിന്റെ നായകന്‍ പടിയിറങ്ങി

Web Desk
Indian Telegram Android App Indian Telegram IOS App

ബംഗളൂരു:  33 വര്‍ഷത്തെ സേവനത്തിന് ശേഷം ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും റവ. ഡോ. തോമസ് സി. മാത്യു സിഎംഐ പടിയിറങ്ങി.1986ല്‍ കെമിസ്ട്രി അധ്യാപകനായി ക്രൈസ്റ്റിലെത്തിയ അദ്ദേഹം ഇക്കഴിഞ്ഞ ദിവസം വിരമിക്കുമ്പോള്‍ വൈസ് ചാന്‍സലറായിരുന്നു. ഇക്കാലയളവില്‍ ക്രൈസ്റ്റിനുണ്ടായ മാറ്റം രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു മാതൃകയായി. 33ാമത്തെ വയസില്‍ ക്രൈസ്റ്റിലെത്തി 33ാമത്തെ വര്‍ഷം പടിയിറങ്ങി. ആലപ്പുഴ പുളിങ്കുന്ന് ചാത്തന്‍പറമ്പില്‍ പരേതനായ സി.റ്റി. മാത്യുവിന്റെയും സിസിലിയുടെയും പുത്രനാണ് റവ. ഡോ. തോമസ് സി. മാത്യു സിഎംഐ.

49 ബിരുദ കോഴ്‌സുകള്‍, 48 ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, 19 എംഫില്‍, 20 പിഎച്ച്ഡി പ്രോഗ്രാമുകള്‍. 800 അധ്യാപകര്‍, 58 രാജ്യങ്ങളില്‍നിന്നുള്ള 700 വിദേശികളുള്‍പ്പെടെ 21,000 വിദ്യാര്‍ഥികള്‍… ഇതുപോലെ മറ്റൊന്നില്ല. കത്തോലിക്കാസഭയിലെ സിഎംഐ സന്യാസ സമൂഹം നടത്തുന്ന ഈ യൂണിവേഴ്‌സിറ്റി ക്വാളിറ്റി സര്‍വേകളില്‍ എന്നും മുന്‍നിരയിലാണ്. ബിരുദ തലത്തില്‍ രാജ്യത്തെ ഏറ്റവും മുന്തിയ 10 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രൈസ്റ്റുണ്ട്. കഴിഞ്ഞ 11 വര്‍ഷങ്ങളായി അതിനു മാറ്റമില്ല.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യയിലെയും ബ്രിക്‌സ് രാജ്യങ്ങളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്വാളിറ്റി സര്‍വേ ലിസ്റ്റിലും ഈ കല്‍പ്പിത സര്‍വകലാശാലയുണ്ട്. പക്ഷേ, മികച്ച കോളെജുകളെ കണ്ടെത്തുന്ന സര്‍വേകളില്‍ സാധാരണഗതിയില്‍ ക്രൈസ്റ്റ് പങ്കെടുക്കാറില്ല. സര്‍വേകളിലെ റാങ്കിംഗ് യൂണിവേഴ്‌സിറ്റി ബ്രോഷറിലോ വെബ് സൈറ്റിലോ പോലും നല്കുകയുമില്ല. കോളജിന്റെ നോട്ടീസ് ബോര്‍ഡില്‍ മാത്രമേ ആ വിവരം ഉണ്ടാകുകയുള്ളു. ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം, അധ്യാപനം, പുരോഗമനപരമായ മുന്നേറ്റങ്ങള്‍, പരീക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ കഠിനാധ്വാനത്തിലൂടെ നിലനിര്‍ത്തുക. റാങ്കുകളൊക്കെ പിന്നാലെ വന്നുകൊള്ളും എന്നതായിരുന്നു ഈ വൈസ് ചാന്‍സലറുടെ നിരീക്ഷണം.

വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ക്രൈസ്റ്റ് പരസ്യം നല്കില്ല. ഇന്ത്യയിലും വിദേശത്തുമുള്ള യൂണിവേഴ്‌സിറ്റികളും കോളജുകളും അഡ്മിഷന്‍ സമയമാകുമ്പോള്‍ മാധ്യമങ്ങളില്‍ പരസ്യം നല്കി വിദ്യാര്‍ഥികളെ വിളിച്ചുവരുത്തുമ്പോള്‍ ക്രൈസ്റ്റ് അതു ചെയ്യുന്നില്ല. എന്നിട്ടും പൂന്തോട്ടനഗരമായ ബംഗളുരുവിലെ ഈ വിദ്യാസാഗരത്തിലേക്ക് ലോകമെങ്ങുംനിന്ന് വിദ്യാര്‍ഥികള്‍ ഒഴുകിയെത്തുകയാണ്. പ്രവേശന പരീക്ഷയിലൂടെ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഫീസ് വിവരങ്ങളും ഓണ്‍ലൈനിലുണ്ട്. അതനുസരിച്ചു മാത്രം നല്കുക. കൂടുതലും കുറവും ഉണ്ടാകില്ല. നയാപൈസ ഡൊണേഷനില്ല.

സിലബസിലെ വിഷയം മാത്രമല്ല, ഇവിടെ പഠിച്ചിറങ്ങുന്നവര്‍ മറ്റു ചിലതുകൂടി പഠിക്കും. വൈവിധ്യപൂര്‍ണമായ ഒരു മതേതര സംസ്‌കാരത്തില്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കേണ്ടത് എങ്ങനെയെന്ന്. ക്രൈസ്റ്റില്‍ പഠിക്കുന്നവരും പഠിച്ചിറങ്ങുന്നവരും ഒരേ സ്വരത്തില്‍ പറയും ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്ന്. ഇത്തരം വിദ്യാസന്പന്നരെയാണ് രാജ്യത്തിന് സംഭാവന ചെയ്യേണ്ടതെന്ന് ഈ സര്‍വകലാശാല കരുതുന്നു.എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മതേതരവുമായ കാഴ്ചപ്പാടാണ് തോമസച്ചന്റെ നേതൃത്വത്തെ നിര്‍വചിക്കുന്ന മുഖ്യഘടകമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് ഹിസ്റ്ററി പ്രഫസര്‍ എസ്.പി വാഗീശ്വരി പറയുന്നു. അതിന്റെ ഫലമാണ് ക്രൈസ്റ്റിലെ നാനാജാതി മതസ്ഥരായ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹവര്‍ത്തിത്വം.

അധ്യാപകരെയും വിദ്യാര്‍ഥികളെയും തെരഞ്ഞെടുക്കുന്നതില്‍ അഴിമതിക്കറ പുരളാന്‍ അനുവദിക്കില്ല. അധ്യാപകര്‍ നിയമനം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ വെറുതെ പഠിപ്പിക്കുക മാത്രമല്ല, പഠിക്കുകയും വേണം. സെമിനാറുകളും ശില്പശാലകളും ഉള്‍പ്പെടെ വര്‍ഷത്തില്‍ രണ്ടുമൂന്നു തവണ അധ്യാപകര്‍ക്ക് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമുകളുണ്ട്. കാലാനുസൃതമായി അവര്‍ വളര്‍ന്നുകൊണ്ടേയിരിക്കണം. തോമസച്ചനും അങ്ങനെയായിരുന്നു. എപ്പോഴും കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികൂടിയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലറായിക്കഴിഞ്ഞും അദ്ദേഹം ആധുനിക സാങ്കേതികവിദ്യകളും അതിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും സ്വായത്തമാക്കിക്കൊണ്ടിരുന്നു. സെമിനാറുകളിലും സമ്മേളനങ്ങളിലും മാത്രമല്ല കലാപരിപാടികളിലും സജീവസാന്നിധ്യമായിരുന്നു.

സാമ്പത്തിക കാര്യങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും അച്ചടക്കനിര്‍ബന്ധങ്ങളും നിഴല്‍പോലെയുണ്ടായിരുന്നു. കെട്ടിടങ്ങള്‍ ഉള്‍പ്പെടെ യൂണിവേഴ്‌സിറ്റിയിലെ 80 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങളും അദ്ദേഹം കെട്ടിപ്പടുത്തവയാണ്. കഴിഞ്ഞ 15 വര്‍ഷമായി ഇവിടത്തെ കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. ക്രൈസ്റ്റിലെ ഹരിതാഭമായ കാന്പസുകളിലേക്ക് മറ്റു കോളജുകള്‍ അസൂയയോടെ നോക്കി. അത്ര മനോഹരം. അവിടത്തെ ഓരോ ചെടിയെയും അച്ചന് അടുത്തറിയാം. അവധി ദിവസങ്ങളില്‍ പൂന്തോട്ടസമാനവും ചിലയിടങ്ങളില്‍ വനസദൃശ്യവുമായ കാന്പസിലൂടെ ദീര്‍ഘസമയം നടക്കുന്നത് പതിവായിരുന്നു.

യൂണിവേഴ്‌സിറ്റിയിലെ മൂന്നു കാമ്പസുകളിലെയും ഓരോ സ്പന്ദനവും അദ്ദേഹം അറിഞ്ഞുകൊണ്ടിരുന്നു. ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ശ്രദ്ധയുണ്ടായിരുന്നു. ചെറിയ കാര്യങ്ങളിലും നോട്ടമെത്തി. അധ്യാപകരും വിദ്യാര്‍ഥികളും മറ്റു ജീവനക്കാരുമായിരുന്നു തന്റെ കരുത്തെന്ന് തോമസച്ചന്‍ പറയുന്നു. വിദ്യാഭാസ രംഗത്തെ ഉജ്വലമായ പ്രവര്‍ത്തനത്തിന് രാജ്യത്തിനകത്തും പുറത്തുംനിന്ന് നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2012ല്‍ പ്രതിരോധമന്ത്രാലയം അദ്ദേഹത്തിനു ബഹുമതിയായി കേണല്‍ പദവി സമ്മാനിച്ചു.

2008ലാണ് ക്രൈസ്റ്റിന് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചത്. അച്ചടക്കവും കൃത്യനിഷ്ഠയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, സ്ഥാപനത്തിനുമുണ്ട്. അഡ്മിഷന്‍, പരീക്ഷ, റിസള്‍ട്ട്, അവധി തുടങ്ങി എല്ലാത്തിനും ഷെഡ്യൂള്‍ ഉണ്ട്. നിശ്ചിത തീയതികളില്‍ എല്ലാം നടക്കും. അതേക്കുറിച്ച് വിദ്യാര്‍ഥികളോ മാതാപിതാക്കളോ ചിന്തിക്കേണ്ട ആവശ്യംപോലുമില്ല. കാമ്പസിലെ പണമിടപാടുകളെല്ലാം ഡിജിറ്റൈസ്ഡ് ആണ്. വിദ്യാര്‍ഥികളുടെ ഐഡി കാര്‍ഡ് തന്നെ എറ്റിഎം കാര്‍ഡായി ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം ബാങ്കുമായി ചേര്‍ന്നു നടപ്പാക്കിയിരിക്കുന്നു.

പ്രദേശവാസികള്‍ക്ക് അഡ്മിഷന് 30 ശതമാനം റിസര്‍വേഷനുണ്ട്. മലയാളികളുടെ എണ്ണം 17 ശതമാനത്തില്‍ താഴെയാണ്. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ക്രൈസ്തവരായ വിദ്യാര്‍ഥികളുടെ എണ്ണം വെറും 20 ശതമാനം മാത്രമാണ്. അഡ്മിഷന്റെ മാനദണ്ഡം ജാതിയോ മതമോ സാന്പത്തികമോ ആകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള അധ്യാപകരുണ്ട്. വിദേശവിദ്യാര്‍ഥികളില്‍ കൂടുതലും ആഫ്രിക്കയിലും സൗത്ത് കൊറിയയില്‍നിന്നുമാണ്. അമേരിക്കയിലെ ‘സ്റ്റഡി എബ്രോഡ് കണ്‍സോര്‍ഷ്യ’ത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരു മാസം വരെ പഠിക്കാന്‍ ഇവിടെയെത്തുന്നുണ്ട്.

കാലില്‍ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ പിറ്റേന്നാണ് തോമസച്ചനുമായി സംസാരിച്ചത്. 2018ല്‍ പണി നടക്കുന്നതിനിടെ കാന്പസിലെ ഗേറ്റ് കാലിലേക്കു വീണുണ്ടായ പരിക്കാണ്. ഒന്പതു സര്‍ജറികള്‍ ഇതിനോടകം കഴിഞ്ഞു. ഇടയ്ക്കു ചോദിച്ചു, ക്രൈസ്റ്റിലെ ക്രിസ്തുവിനെക്കുറിച്ച്. ‘ഈ കാന്പസില്‍ ക്രിസ്തുവുണ്ട്. വാങ്ങുന്നതിലേറെ ഞങ്ങള്‍ ഓരോരുത്തര്‍ക്കും കൊടുക്കുന്നു. എന്റെ വിദ്യാര്‍ഥികളോട് ചോദിക്കൂ, ഇവിടുത്തെ അധ്യാപകരോട് ചോദിക്കൂ, പൂന്തോട്ടക്കാരനോടും കാവല്‍ക്കാരനോടും ചോദിക്കൂ. അവര്‍ പറയും.

യുജിസി ശന്പളം വാങ്ങുന്ന അധ്യാപകര്‍ മാത്രമല്ല ഇവിടെയുള്ളത്. 50,000 രൂപയ്ക്കു മുകളിലാണ് നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെയും ശന്പളം. ക്രൈസ്റ്റിലെ ചെറിയ ജോലിക്കും മാന്യമായ വേതനം നല്കുന്നു. എല്ലാവരോടും തുല്യതയോടെ എല്ലാവരും ഇടപെടുന്നു. ആളുകള്‍ വിചാരിക്കും ക്രൈസ്റ്റിന്റെ വിദ്യാര്‍ഥികള്‍ സന്പന്നരാണെന്ന്. എല്ലാ ദിവസവും 250 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ സൗജന്യമായി ഉച്ചഭക്ഷണം നല്കുന്നുണ്ട്. അതിന് പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയോ സൗജന്യ ക്യൂവില്‍നിന്ന് മറ്റുള്ളവര്‍ക്കു മുന്നില്‍ അപഹാസ്യരാകുകയോ ഒന്നും വേണ്ട. അതിനുള്ള സ്ഥലത്ത് ഉച്ചയ്ക്ക് എത്തുകയേ വേണ്ടൂ. എവിടെനിന്നെങ്കിലും ആരെക്കൊണ്ടെങ്കിലും വാങ്ങിക്കൊടുക്കുകയല്ല. ഞങ്ങളുടെ ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളാണ് ഭക്ഷണം തയാറാക്കി അഭിമാനത്തോടെ അവരുടെ കൂട്ടുകാര്‍ക്കു വിളന്പുന്നത്.

മറ്റൊരു കാര്യം സെന്റര്‍ ഫോര്‍ സോഷ്യല്‍ ആക്ഷനെക്കുറിച്ചാണ്. സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ മാത്രം അംഗങ്ങളായിരുന്ന നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) പിരിച്ചുവിട്ടിട്ടാണ് 98ല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ രൂപീകരിച്ചത്. അനാഥാലയത്തിലോ വൃദ്ധസദനത്തിലോ പോയി ഒരു നേരത്തെ സൗജന്യഭക്ഷണം നല്കുന്നതോ വല്ലപ്പോഴും നടത്തുന്ന ഗ്രാമസന്ദര്‍ശനങ്ങളോ അല്ല ഇവരുടെ സേവനം. ബംഗളുരുവിലെ ചേരികളിലെ 900 കുട്ടികള്‍ക്കു പഠിക്കാനുള്ള സാന്പത്തിക സഹായമാണ് ഇക്കഴിഞ്ഞ വര്‍ഷം ഈ സംഘടനയിലൂടെ നല്കിയത്. പൂര്‍ണമായും വിദ്യാര്‍ഥികളും അധ്യാപകരും നല്കിയ സംഭാവനകള്‍. ഇവിടെ കാരുണ്യപ്രവൃര്‍ത്തി വെറും ചടങ്ങല്ല.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി കര്‍ണാടക, കേരള, തെലുങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 120 വില്ലേജുകളിലായി വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമാണ്. പരമാവധി എട്ടുവര്‍ഷംകൊണ്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കും. അതുകഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സംഘടനകള്‍ക്കു കൈമാറും. മറക്കരുത്, ഈ പദ്ധതികളുടെ ഭാഗമായി ക്രൈസ്റ്റ് നേരിട്ടു സഹായിക്കുന്നത് 10,000 കുടുംബങ്ങളെയാണ്. എനിക്കുറപ്പുണ്ട് ഇത് കച്ചവടസ്ഥലമല്ല. അതേ, ക്രൈസ്റ്റില്‍ ക്രിസ്തുവുണ്ട്.’

ശ്രീനാരായണഗുരുവിനും ചട്ടന്പിസ്വാമികള്‍ക്കും മുന്പ് 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ നവോത്ഥാനത്തിന്റെ ചാലകശക്തിയായി വിദ്യാഭ്യാസ മുന്നേറ്റത്തിനു തുടക്കംകുറിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പൈതൃകമാണ് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും പിന്തുടരുന്നത്. അധഃകൃതരെന്ന് അന്നത്തെ സമൂഹം വിധിയെഴുതിയിരുന്നവര്‍ക്ക് വിദ്യാഭ്യാസം നല്കാനും സംസ്‌കൃത സ്‌കൂള്‍ തുടങ്ങാനും ഏലിയാസച്ചന്‍ കാണിച്ച ധൈര്യം തന്നെയാണ് ഇന്നത്തെ സാഹചര്യത്തിലും കാലാനുസൃതമായ വിദ്യാഭ്യാസ പുരോഗതിക്ക് മുന്നിട്ടിറങ്ങാന്‍ ഏതു നാട്ടിലും സിഎംഐ സഭയ്ക്ക് കരുത്ത്.

അതിന്റെ ഭാഗമാണ് തോമസച്ചനും ധര്‍മാരാം കോളജ് മുന്‍ റെക്ടറും ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി മുന്‍ ചാന്‍സലര്‍മാരുമായിരുന്ന റവ.ഡോ. തോമസ് ഐക്കര സിഎംഐയും റവ.ഡോ. അഗസ്റ്റിന്‍ തോട്ടക്കര സിഎംഐയും ഇപ്പോഴത്തെ ചാന്‍സലര്‍ റവ. ഡോ. ജോര്‍ജ് ഇടയാടി സിഎംഐയും വൈസ് ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം മാണി വെട്ടിയാങ്കല്‍ സിഎംഐയുമൊക്കെ. ഏറെ സ്വപ്നങ്ങളും കഠിനാധ്വാനത്തിനുള്ള ആഹ്വാനവുമായിട്ടാണ് പുതിയ വൈസ്ചാന്‍സലറുടെ സന്ദേശം യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ നല്കിയിട്ടുള്ളത്.

1969ല്‍ സ്ഥാപിതമായ ക്രൈസ്റ്റ് കോളജാണ് ഇന്ന് യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തപ്പെട്ടത്. വിദ്യാഭ്യാസത്തില്‍ മാത്രമല്ല, സ്ഥാപനവുമായി ബന്ധപ്പെട്ട ഓരോ മനുഷ്യര്‍ക്കും മെച്ചപ്പെട്ട ജീവിത രീതി ഉറപ്പാക്കാന്‍ തോമസച്ചന്‍ ശ്രദ്ധാലുവാണ്. എല്ലാവരെയും ഉയര്‍ത്തിക്കൊണ്ടാണ് അദ്ദേഹം ക്രൈസ്റ്റിനെ മുന്‍നിരയിലെത്തിച്ചത്. സെക്യൂരിറ്റി ഗാര്‍ഡ് സി. സുബ്രമണിയും ലാബ് അസിസ്റ്റന്റ് യേശുമേരിയും കാമ്പസ് മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍ കെ. ഷണ്‍മുഖവുമൊക്കെ അത് തുറന്നുപറഞ്ഞു.

ദിവസക്കൂലിക്കാരനായി പണിയെടുത്തുകൊണ്ടിരുന്ന ഷണ്‍മുഖത്തെ തോമസച്ചന്‍ വിളിച്ചുകൊണ്ടുപോയി സെക്യൂരിറ്റി ഗാര്‍ഡാക്കിയതും പിന്നീട് സൂപ്പര്‍വൈസറാക്കിയതുമൊക്കെ ഉദാഹരണങ്ങളില്‍ ചിലതുമാത്രം. ക്രൈസ്റ്റിന്റെ ചരിത്രത്തില്‍ മാത്രമല്ല, ഈ രാജ്യത്തെ വിദ്യാഭ്യാസപുരോഗതിയുടെ ചരിത്രത്തിലും തോമസച്ചനു സ്ഥാനമുണ്ടായിരിക്കും. ഒരു യൂണിവേഴ്‌സിറ്റിയെയും അതുമായി ബന്ധപ്പെട്ട സകലരെയും വിജയത്തിന്റെ പതിനെട്ടാംപടി കയറ്റിയശേഷം അദ്ദേഹം പടിയിറങ്ങിയിരിക്കുന്നു.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top