Chiking
Latest News

അനന്തുവിന്റെ കൊലപാതകം: പ്രതികള്‍ കേരളം വിട്ടെന്ന് അന്വേഷണ സംഘം; കൊലപ്പെടുത്തിയത് പത്തംഗ സംഘം (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത് പത്ത് പേരടങ്ങുന്ന സംഘമെന്ന് പൊലീസ്. പ്രതികള്‍ കേരളം വിട്ടതായി സൂചന. അന്വേഷണം കൂടുതല്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. അതേസമയം, അനന്തുവിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കി.

യൂത്ത് കോണ്‍ഗ്രസ് ആറ്റുകാല്‍ മണ്ഡലം സെക്രട്ടറിയാണ് അനന്തു. കൈത്തണ്ടയില്‍ നിന്നും കഴുത്തില്‍ നിന്നും ചോര ചീറ്റിച്ചും, തലോട്ടില്‍ കല്ലുകള്‍കൊണ്ട് ആഞ്ഞ് അടിച്ചും ഇഞ്ച് -ഇഞ്ചായി നരകിപ്പിച്ചാണ് അനന്തുവിനെ വകവരുത്തിയതെന്ന് പൊലീസിന് പ്രാഥമിക
അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. കഞ്ചാവിന് അടിമപ്പെട്ട ഒരുകൂട്ടം യുവാക്കളാണ് കൊലനടത്തിയതെന്നും കണ്ടെത്തി. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഏഴോളം പേരും 27വയസിന് താഴെയുള്ളവരാണ്. ചൊവ്വാഴ്ച വൈകിട്ട് അനന്തവുമായി നീറമണ്‍കര ദേശീയ പാതയ്ക്ക് സമീപമുള്ള ബി.എസ്.എന്‍.എല്‍ പുറമ്പോക്ക് ഭൂമിയില്‍ എത്തിയ അക്രമി സംഘം കഞ്ചാവ് ലഹരിയില്‍ ക്രൂര വിനോദമാണ് നടത്തിയത്.

നിലവിളി ഉയരാതിരിക്കാന്‍ വായില്‍ കല്ലും മണ്ണും വാരി നിറച്ചു. ശരീരത്തില്‍ മുറിവേല്‍ക്കാത്ത ഒരു സ്ഥലം പോലും ബാക്കിയുണ്ടാകാത്തവിധം അതിക്രൂരമായ വേട്ടയാടലാണ് നേരം പുലരുവോളം നടന്നത്. ബന്ധുവിന്റെ പരാതിയിന്‍ മേല്‍ പൊലീസ് അന്വേഷിക്കുമ്പോഴും നഗരമദ്യത്തില്‍ തന്നെ കൊലപാതകവും അരങ്ങേറി. ബുധനാഴ്ച രാവിലെ 11ഓടെ അനന്തുവിന്റെ സാമുറായി ബൈക്ക് നീറമണ്‍കരയ്ക്ക് സമീപം ദേശീയപാതയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് തളിയില്‍ അരശുംമൂടിന് സമീപം ബൈക്കില്‍ എത്തിയ സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത്.

കരമന സ്വദേശി അനന്തു ഗിരീഷിന്റെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച്‌ മുഖ്യപ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കാട്ടിനുള്ളില്‍ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുന്‍പാണ് ഈ ആഘോഷങ്ങള്‍ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്. ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഈ ആഘോഷം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ്.

പ്രതികള്‍ ഈ പ്രദേശത്ത് ഇരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിരുന്നതാണ്. ഇതേ ഇടത്തിരുന്ന് പ്രതികള്‍ ആഘോഷം നടത്തുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഷര്‍ട്ടിടാതെ ചുവന്ന തോര്‍ത്തുടുത്ത് നില്‍ക്കുന്നയാളാണ് മുഖ്യപ്രതികളിലൊരാളായ അനീഷ്. ബാക്കിയുള്ളവരില്‍ എത്ര പേര്‍ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ ആഘോഷത്തില്‍ പങ്കെടുത്തവരിലേക്ക് എല്ലാവരിലേക്കും അന്വേഷണം നീളും. സംഭവത്തില്‍ ബാലു, റോഷന്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.

കൈയാങ്കളിക്കിടെ നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ രണ്ട് ദിവസമായി അനന്തു ഗിരീഷിന്റെ യാത്രകള്‍ അക്രമിസംഘം നിരീക്ഷിച്ച്‌ മനസിലാക്കി ഇന്നലെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയില്‍ ചേര്‍ത്തുവച്ച മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുള്ളത്.

കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 8ന് അനന്തു ഉള്‍പ്പെട്ട സംഘവും അരശുംമൂട്ടിലെ മറ്റൊരു സംഘവുമായി വാക്ക് തര്‍ക്കവും കൈയേറ്റവും നടന്നിരുന്നു. ഡാന്‍സ് കളിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. ചൊവ്വാഴ്ച കരമനയില്‍നിന്നും വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന അനന്തു തളിയില്‍ ഇറങ്ങി സമീപത്തെ കടയില്‍ നിന്നും വെള്ളം കുടിച്ച്‌ മടങ്ങുന്നതിനിടെ ബൈക്കില്‍ എത്തിയ സംഘം അടിച്ച്‌ വീഴ്‌ത്തുകയും തട്ടിക്കൊണ്ടു പോകുകയായിരുന്നു.

സംഭവമറിഞ്ഞതിനെതുടര്‍ന്ന് ബന്ധുവായ അരുണാണ് പൊലീസില്‍ പരാതി നല്‍കിയത്. രാത്രി തിരച്ചില്‍ നടത്തിയെങ്കിലും അനന്തുവിനെ കുറിച്ച്‌ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഫോര്‍ട്ട് എ.സി.പി പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top