Chiking
Latest News

തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ പൊട്ടിക്കരഞ്ഞ് ദേവഗൗഡയും കൊച്ചുമകനും

Web Desk
Indian Telegram Android App Indian Telegram IOS App

ബെഗംലൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പൊട്ടിക്കരഞ്ഞ് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയും കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയും. ഇന്നലെ കൊച്ചുമകന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയിലാണ് ദേവഗൗഡ വികാരഭരിതനായത്. ഇത് കണ്ടുനിന്ന പ്രജ്വല്‍ രേവണ്ണയും ഉടന്‍ തന്നെ കരയുകയായിരുന്നു.

കര്‍ണാടകയിലെ ജെഡിഎസ് ശക്തികേന്ദ്രമായ ഹാസന്‍ മണ്ഡലത്തില്‍ നിന്നാണ് പ്രജ്വല്‍ രേവണ്ണ മത്സരിക്കുന്നത്. ജെഡിഎസില്‍ കുടുംബവാഴ്ചയാണെന്ന ആരോപണങ്ങളാണ് ദേവഗൗഡയെ വികാരഭരിതനാക്കാനുള്ള പ്രധാന കാരണം.

ദേവഗൗഡ, രേവണ്ണ, കുമാരസ്വാമി കൊച്ചുമക്കള്‍ എന്നിവര്‍ക്കെതിരെ മാധ്യമങ്ങള്‍ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന വാചകം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ ദേവഗൗഡ പൊട്ടിക്കരയുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കുന്ന തന്റെ കൊച്ചുമകന്‍ നിഖിലിനെതിരെ ഗോ ബാക്ക് നിഖില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തുകയാണ്. നിഖിലിനെ മാണ്ഡ്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ജെഡിഎസാണ് തീരുമാനിച്ചത്. നിഖിലിനെതിരെയുള്ള പ്രസ്താവനയില്‍ അതിയായ ദുഖിതനാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം പ്രചാരണ വേദിയില്‍ വികാരഭരിതരായ ഇരുവരെയും വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ നാടകമാണ് നടന്നത്. ദേവഗൗഡയും കുടുംബവും വികാരഭരിതരാകുന്നതില്‍ പ്രമുഖരാണെന്നും ബിജെപി ആരോപിച്ചു.
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റ് ചര്‍ച്ചകള്‍ ധാരണയിലെത്തിയിരുന്നു. 20 സീറ്റുകളില്‍ കോണ്‍ഗ്രസും എട്ട് സീറ്റുകളില്‍ ജെഡിഎസും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ഷിവമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, നോര്‍ത്ത് ബെംഗലൂരു, ഉത്തര കന്നഡ, ചിക്കമംഗലൂരു,വിജയപുര എന്നീ മണ്ഡലങ്ങളിലാണ് ജെഡിഎസ് മത്സരിക്കുന്നത്.

Top