Chiking
Latest News

പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും; ജനങ്ങളോടോ സമൂഹത്തോടോ ആത്മാര്‍ഥതയില്ലാ; ലീഗിനെതിരെ ആഞ്ഞടിച്ച് പി.വി. അന്‍വർ

Web Desk
Indian Telegram Android App Indian Telegram IOS App

മലപ്പുറം: പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്ന് എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയ മുസ്ലീം ലീഗിനെതിരെ പി.വി. അന്‍വര്‍. പൊന്നാനിയില്‍ വര്‍ഗീയത പറഞ്ഞും ജയിക്കാനാണ് ലീഗിന്റെ ശ്രമം. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ആര്‍എസ്എസുമായും ലീഗ് കൂട്ടുകൂടും. ജനങ്ങളോടോ സമൂഹത്തോടോ ആത്മാര്‍ഥതയില്ലാത്ത നിലപാടാണു ലീഗിന്റേതെന്നും അന്‍വര്‍ ആരോപിച്ചു.

മാത്രമല്ല, യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണു ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തിയതെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ചര്‍ച്ചക്കെത്തിയിരുന്നു. ആര്‍എസ്എസുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ലീഗിന്റെ വര്‍ഗീയ മുഖമാണു ചര്‍ച്ചയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മലപ്പുറം കോട്ടയ്ക്കലില്‍ പറഞ്ഞു.

കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള കൊണ്ടോട്ടിയിലെ ടാമറിന്‍ഡ് ഹോട്ടലിലെ സിസിടിവിയിലാണു ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ നേതാക്കളായ നാസറുദ്ദീന്‍ എളമരം, അബ്ദുല്‍ മജീദ് ഫൈസി എന്നിവരുടെ ദൃശ്യങ്ങള്‍ വ്യക്തമാവുന്നത്. ഹോട്ടലിനുള്ളിലൂടെ നടന്നു നീങ്ങുന്ന നാസറുദ്ദീന്‍ എളമരത്തിനും അബ്ദുല്‍ മജീദ് ഫൈസിക്കും 10 മീറ്റര്‍ മുമ്പേ നടക്കുന്ന ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ ദൃശ്യങ്ങളും വ്യക്തമാണ്.

മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്ത ചര്‍ച്ചയവിടെ നടന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. എന്നാല്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാന്‍ ഹോട്ടലില്‍ കാത്തിരിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് എസ്ഡിപിഐ നേതാക്കളെ കണ്ടതെന്നാണു ലീഗ് നേതാക്കള്‍ പറയുന്നത്.

എന്നാല്‍ വലിയ ആസൂത്രണങ്ങളില്ലാതെ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും രാഷ്ട്രീയ സാഹചര്യം മനസിലാക്കി പിന്തുണ അഭ്യര്‍ഥിച്ചാണു ലീഗ് നേതൃത്വം എത്തിയതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ചര്‍ച്ച നടത്തിയില്ലെന്ന് ലീഗ് ആവര്‍ത്തിക്കുമ്പോഴും വിഷയം വലിയ രാഷ്ട്രീയ ചര്‍ച്ചയാകുകയാണ്.

Top