Chiking
Latest News

ചാമ്പ്യന്‍സ് ലീഗ് ക്വര്‍ട്ടര്‍ ലൈനപ്പായി; യുണൈറ്റഡിന് ബാഴ്‌സലോണ, ലിവര്‍പൂളിന് എളുപ്പം

Web Desk
Indian Telegram Android App Indian Telegram IOS App

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനുള്ള നറുക്കെടുപ്പ് കഴിഞ്ഞു. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ സമാപിച്ചതിന് പിന്നാലെയാണ് ക്വര്‍ട്ടര്‍ ലൈനപ്പിനായുള്ള നറുക്കെടുപ്പ് നടന്നത്. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയും ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരമായിരിക്കും ക്വാര്‍ട്ടറിലെ ശ്രദ്ധേയമായ ഏറ്റുമുട്ടല്‍.

നാല് ഇംഗ്ലീഷ് ടീമുകളാണ് ഇക്കുറി ക്വാര്‍ട്ടറിലെത്തിയത്. അതുകൊണ്ടുതന്നെ ഒരു ക്വാര്‍ട്ടര്‍ ഇംഗ്ലീഷ് ടീമുകളുടേതാകുമെന്ന സൂചനയുണ്ടായിരുന്നു. ടോട്ടനം ഹോട്‌സ്പറും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഇംഗ്ലീഷ് ടീമുകളുടെ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ലിവര്‍പൂളിന് പോര്‍ട്ടോയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസിന് അജാക്‌സുമാണ് ക്വാര്‍ട്ടറിലെ എതിരാളികള്‍.

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ലിവര്‍പൂളിനും യുവന്റസിനും എതിരാളികള്‍ താരതമ്യേന എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്. ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കും സ്പാനിഷ് ടീം റയല്‍ മാഡ്രിഡും ഇത്തവണ ക്വാര്‍ട്ടറില്‍ ഇല്ലെന്ന സവിശേഷതയുണ്ട്. 2005-06 സീസണ് ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും ഇല്ലാത്ത ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍.

ബാഴ്‌സലോണയാകട്ടെ കഴിഞ്ഞ 12 സീസണിലും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ ലിവര്‍പൂള്‍ ആയിരിക്കും മിക്കവാറും ബാഴ്‌സലോണുടെ എതിരാളികള്‍. യുവന്റസിനാവട്ടെ മാഞ്ചസ്റ്റര്‍ സിറ്റിയും എതിരാളികളായി എത്തിയേക്കും. കഴിഞ്ഞ 10 തവണയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അജാക്‌സിന് യുവന്റിസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി സെമിയിലുണ്ടാകുമെന്ന ഉറപ്പിലാണ് ആരാധകര്‍.

Top