Chiking
Latest News

കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ സിപിഐഎം

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കഴിഞ്ഞതവണ പരാജയപ്പെട്ട 12 ലോക്‌സഭാ സീറ്റുകളില്‍ 4 എണ്ണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സിപിഐഎം. ഈ സീറ്റുകള്‍ തിരിച്ചുപിടിക്കുന്നതില്‍ പരാജയപ്പെടരുതെന്ന മുന്നറിയിപ്പ് ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങള്‍ക്കു സംസ്ഥാന സെക്രട്ടറിയേറ്റ് നല്‍കി കഴിഞ്ഞു. കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം എന്നിവയാണ് ഈ സീറ്റുകള്‍. ഈ നാലും 2014 ല്‍ ജയിക്കുന്ന സീറ്റുകളുടെ പട്ടികയില്‍ സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടുത്തിയിരുന്നു. അന്നു കണക്കുകൂട്ടല്‍ പിഴച്ചെങ്കില്‍ ഇക്കുറി അത് ആവര്‍ത്തിക്കരുതെന്ന തീരുമാനത്തിലാണു പാര്‍ട്ടി.

എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള ജനതാദള്‍ വിഭാഗത്തെ എല്‍ഡിഎഫിലേക്കു തിരികെ കൊണ്ടുവന്നതു വടകര വിജയം ലക്ഷ്യമിട്ടാണ്. പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടുവെങ്കിലും മണ്ഡലത്തിലെ സാധ്യതകളെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണു നേതൃത്വം. മത്സരിക്കാനില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനവും ആശ്വാസത്തോടെ കാണുന്നു. മുല്ലപ്പള്ളിക്കു പകരം ആര് എന്ന ഉദ്വേഗത്തിലാണു സിപിഐഎം. കെ.കെ. രമ വന്നാല്‍ ആ പോരുണ്ടാക്കാവുന്ന മറ്റൊരു തലത്തെക്കുറിച്ചു ബോധ്യമുണ്ട്.

കോണ്‍ഗ്രസിന്റെ എം.കെ. രാഘവനില്‍ നിന്നു സീറ്റു പിടിക്കുക എന്ന ദൗത്യവുമായാണു കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ. പ്രദീപ്കുമാറിനെ കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥിയാക്കിയത്. കൊല്ലത്ത് ഇടതുപക്ഷത്തിനുള്ള ആധിപത്യം പാര്‍ലമെന്റ് സീറ്റില്‍ കൂടി പ്രതിഫലിപ്പിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണു മുന്‍ ജില്ലാ സെക്രട്ടറികൂടിയായ കെ.എന്‍. ബാലഗോപാലിന്റെ വരവ്.

ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ മത്സരിക്കാനിടയില്ലെന്നത് എ.എം. ആരിഫിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു. സ്ഥാനാര്‍ത്ഥികള്‍ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ചുവരുന്നു. പാര്‍ട്ടിയുടെയും മുന്നണിയുടെയും നോട്ടീസുകളുമായി പ്രവര്‍ത്തകരെ വീടുകളിലേക്കു നിയോഗിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നുമുതല്‍ രണ്ടു റൗണ്ടു സ്ഥാനാര്‍ത്ഥി പര്യടനമാണ് ഉദ്ദേശിക്കുന്നത്. ഇടതുമുന്നണിയുടെ ബൂത്തുതലം വരെയുള്ള കണ്‍വന്‍ഷനുകള്‍ 20 നകം തീരും.

ലോക്‌സഭയിലേക്ക് സിപിഐഎമ്മിന്റെ അഭ്യര്‍ഥന തള്ളിക്കളഞ്ഞ് മഹാരാഷ്ട്രയിലെ ഡിന്‍ഡോരി മണ്ഡലത്തില്‍ എന്‍സിപി സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ തങ്ങളും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സിപിഐഎം വ്യക്തമാക്കി.

ബിഹാറില്‍ ഉജിയാര്‍പൂര്‍ മണ്ഡലം വേണമെന്നാണ് സിപിഐഎം, ആര്‍ജെഡിയോട് ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടില്ലെന്നും സിപിഐക്കും സിപിഐ-എംഎല്ലിനും ഓരോ സീറ്റു വീതം ലഭിച്ചേക്കുമെന്നുമാണ് സൂചന. എന്തു വേണമെന്ന് ആര്‍ജെഡി നയിക്കുന്ന മുന്നണിയുടെ പട്ടിക പുറത്തുവന്നശേഷം ആലോചിക്കാമെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം.

Top