Chiking
Latest News

തിരുവനന്തപുരം വിമാനത്താവള ലേലം: പകല്‍കൊളളയെന്ന് മന്ത്രി തോമസ് ഐസക്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ലേലം പകല്‍കൊള്ളയാണെന്ന് മന്ത്രി തോമസ് ഐസക്ക്. വിമാനത്തവളത്തില്‍ ഒരു കോഫിഷോപ്പ് തുടങ്ങണമെങ്കില്‍ രണ്ടു വര്‍ഷത്തെ പരിചയം വേണം. എന്നാല്‍ വിമാനത്താവള നടത്തിപ്പിനു മുന്‍പരിചയം വേണ്ടെന്ന വിചിത്ര നിലപാടോടെയായിരുന്നു ലേലം. മറ്റ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചപ്പോള്‍ പാലിച്ചിരുന്ന മാനദണ്ഡങ്ങളെല്ലാം തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ അട്ടിമറിക്കപ്പെട്ടു.

ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ റവന്യു ഷെയര്‍ ആയിരുന്നു മാനദണ്ഡം. എയര്‍പോര്‍ട്ടിന്റെ മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ തിരുവനന്തപുരം വിമാനത്തവളം അദാനിക്ക് ഏല്‍പ്പിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു ലേലമെന്ന് തോമസ് ഐസക്ക് ആരോപിച്ചു.

സൗജന്യമായി 635 ഏക്കര്‍ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം പടുത്തുയര്‍ത്തിയിരിക്കുന്നത്. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന് 2005ല്‍ 23.57 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറിയപ്പോള്‍ കേരളം ഒരു നിബന്ധന വെച്ചിരുന്നു. ഏതെങ്കിലും കാരണവശാല്‍ വിമാനത്താവള അതോറിട്ടി ഒരു കമ്പനിയായി മാറ്റുകയോ, അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സര്‍ക്കാര്‍ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന. ഈ നിബന്ധനയും ലംഘിക്കപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വകാര്യ പങ്കാളിത്തം ആലോചിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് 2003ല്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രേഖാമൂലം ഉറപ്പു നല്കികയിരുന്നു. കേരളത്തിന് പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ്.പി.വി) രൂപീകരിക്കുന്ന കാര്യവും അന്ന് സര്‍ക്കാരിനു ഉറപ്പു നല്‍കിയതായിരുന്നു. എന്നാല്‍ ഈ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. ഇങ്ങനെ എല്ലാ ഉറപ്പുകളും ലംഘിച്ച്‌ നടത്തിയ തിരുവനന്തപുരം വിമാനത്താവള ലേലത്തിന് കോണ്‍ഗ്രസും മോദിയും തിരഞ്ഞെടുപ്പില്‍ മറുപടി പറയണമെന്ന് തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

Top